പത്തനംതിട്ട: 16കാരിയെ സമൂഹ മാധ്യമം വഴി പരിചയപ്പെട്ടശേഷം ഫോട്ടോ കൈക്കലാക്കി മോര്‍ഫ് ചെയ്‌ത് ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. എറണാകുളം പാനായിക്കുളം പി.എസ് അലക്‌സ് (21), പന്തളം പൂഴിക്കാട് നിര്‍മാല്യത്തില്‍ അജിത്ത് (21), കുരമ്പാല പുന്തലപ്പടിക്കല്‍ പ്രണവ് കുമാര്‍ (21) എന്നിവരെയാണ് മൂന്ന് പവൻ സ്വർണവും 70,000 രൂപയും തട്ടിയെടുത്തതിന് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്.
കേരളാ കഫേ എന്ന ടെലഗ്രാം ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നു പെണ്‍കുട്ടിയും പ്രതികളും. ഇതുവഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച അലക്‌സ് മറ്റൊരു സുഹൃത്തുമായുള്ള പിണക്കം മാറ്റിക്കൊടുക്കാമെന്നു പറഞ്ഞാണ് പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടിയുടെ ഫോട്ടോ കൈക്കലാക്കിയത്. പിന്നീട് എഡിറ്റിങ് അറിയാവുന്ന അലക്‌സ് ഈ ഫോട്ടോ മോര്‍ഫ് ചെയ്‌ത് അശ്ലീല ചിത്രമാക്കി മാറ്റി. ഇത് പ്രചരിപ്പിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പെൺകുട്ടിയോട് ഒരുലക്ഷം രൂപ ആവശ്യപ്പെട്ടു.
പണം കൈവശമില്ലാത്തതിനാല്‍ പെണ്‍കുട്ടി തന്‍റെ സ്വർണ കൊലുസ് നല്കി. പിന്നീട് മറ്റൊരാളെക്കൊണ്ട് സ്വർണം പണയം വെപ്പിച്ച് 70,000 രൂപയും നല്‍കുകയായിരുന്നു. അജിതും പ്രണവുമാണ് പെണ്‍കുട്ടിയില്‍ നിന്നും സ്വര്‍ണവും പണവും കൈപ്പറ്റിയത്. കൊലുസ് പോയത് വീട്ടുകാർ അറിയാതിരിക്കാന്‍ പെണ്‍കുട്ടിക്ക് പ്രതികള്‍ ഗോള്‍ഡ് കവറിങ് കൊലുസ് വാങ്ങി നല്‍കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന കൗണ്‍സിലിങിനിടെയാണ് പെണ്‍കുട്ടി ഇക്കാര്യങ്ങളെല്ലാം കൗണ്‍സിലറോട് തുറന്നു പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെയും ഏനാത്ത് പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പ്രതികളെ ഇവരുടെ വീടുകളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്‌തത്. കേസിലെ പ്രധാന പ്രതി അലക്സിന് മറ്റു തട്ടിപ്പു കേസുകളുമായും ബന്ധമുണ്ടെന്നാണ് സൂചന. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെ പൊലീസ് വിശദമായി അന്വേഷിയ്ക്കും.
Also Read: സർക്കാർ ആശുപത്രികൾ ഒരു വർഷത്തിനുള്ളിൽ മാതൃ- ശിശു സൗഹൃദമാക്കും; വീണ ജോർജ്