പത്തനംതിട്ട: ഉത്ര വധക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചതിനെ കുറിച്ചു പ്രതികരിക്കുകയാണ് നാട്ടുകാർ. ഇത്രയും ക്രൂരത ചെയ്തവന് വധശിക്ഷ തന്നെ നൽകണമെന്നാണ് സ്ത്രീകളുൾപ്പെടെയുള്ള പറക്കോട്ടെ നാട്ടുകാരുടെ പ്രതികരണം. പ്രതി സൂരജിന്‍റെ പറക്കോടുള്ള ശ്രീസൂര്യ വീട് വിധി വരുന്നതറിഞ്ഞ ദിവസം മുതൽ അടച്ചിട്ടിരിക്കുകയാണ്.
സൂരജിന്‍റെ പിതാവ് സുരേന്ദ്രൻ, മാതാവ് രേണുക, സഹോദരി സൂര്യ എന്നിവർ പുറത്തിറങ്ങാതെ വീടിനുള്ളിൽ തന്നെയുണ്ട്. മാധ്യമ പ്രവർത്തകർ ഉൾപ്പെടെ വീടിന്‍റെ അടഞ്ഞു കിടക്കുന്ന ഗേറ്റിനു മുന്നിൽ നിന്നു വിളിച്ചാലും പ്രതികരണം ഉണ്ടാകില്ല. ഇരുനില വീടിന്‍റെ ജനാലയിലൂടെ പുറത്തെത്തുന്നവരെ നിരീക്ഷിക്കുകയാണ് കുടുംബം ചെയ്യുന്നത്.
Also Read: മുഹമ്മദ് റിയാസ് വ്യക്തമാക്കിയത് പാര്‍ട്ടിയുടെ പൊതുനിലപാട്; പിന്തുണയുമായി എ. വിജയരാഘവന്‍
കെ പി റോഡിൽ പറക്കോട് ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ ഉള്ളിലായാണ് സൂരജിന്‍റെ വീട്. മകന് വധ ശിക്ഷ കിട്ടാതിരുന്നതിന്‍റെ ആഹ്ളാദത്തിലാണ് സൂരജിന്‍റെ കുടുംബമെന്ന് സൂരജിന്‍റെ പിതാവ് സുരേന്ദ്രൻ ഓട്ടോ ഓടിച്ചിരുന്ന പറക്കോട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ പറയുന്നു. ക്രൂരമായ കൊലപാതകത്തിലൂടെ നാടിന്‍റെ പേരു പോലും നശിപ്പിച്ച പ്രതിയ്ക്ക് വധശിക്ഷ തന്നെയാണ് നാട് കാത്തിരുന്നതെന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്.