പത്തനംതിട്ട: യുഡിഎഫ് ജില്ല ചെയർമാൻ വിക്‌ടര്‍ ടി. തോമസിന് നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് യുഡിഎഫിന്‍റെ നേതൃത്വത്തിൽ ജില്ലാ പൊലീസ് ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ആർഎസ്‌പി. സംസ്ഥാന സെക്രട്ടറി എ.എ അസീസ് ധർണ ഉദ്ഘാടനം ചെയ്തു.
സമരത്തിന് നേതൃത്വം നൽകിയ വിക്‌ടര്‍ ടി. തോമസിനെതിരെയുള്ള റാന്നി എസ്.ഐയുടെ കൈയേറ്റം ആസൂത്രിതമാണെന്ന് എ.എ അസീസ് ആരോപിച്ചു. ആരബിൾ ഭൂമിയുമായി ബന്ധപ്പെട്ട റാന്നി ഡിഎഫ്‌ഒയുടെ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിക്‌ടര്‍ ടി. തോമസിന്‍റെ നേതൃത്വത്തിൽ റാന്നി ഡിഎഫ്‌ഒ ഓഫിസിന് മുന്നിൽ സമരം നടത്താൻ സംഘടിച്ചിരുന്നു. എന്നാൽ എസ്‌ഐയും പൊലീസുകാരും ചേർന്ന് സമരം തടയുകയും വിക്‌ടര്‍ ടി. തോമസിനെ കൈയേറ്റം ചെയ്തു എന്നുമാണ് ആരോപണം.