പത്തനംതിട്ട: ഇന്ത്യ പോസ്റ്റ് പേയ്‌മെന്‍റ്സ് ബാങ്ക്, ടാറ്റാ എ.ഐ.ജി, ബജാജ് അലൈന്‍സ് എന്നിവരുമായി ചേര്‍ന്ന് ദേശീയാടിസ്ഥാനത്തില്‍ സുരക്ഷ കവച് എന്ന പേരില്‍ നടത്തിയ ജനറല്‍ ഇന്‍ഷുറന്‍സ് മല്‍സരത്തില്‍ ഒന്നാം സ്ഥാനത്തെത്തി റാന്നി സ്വദേശി. റാന്നി തോട്ടമണ്‍ വാളിക്കല്‍ വീട്ടിൽ വി.കെ സുരേഷ് ആണ് ഒന്നാം സ്ഥാനത്തെത്തിയത്. കോഴഞ്ചേരി നാരങ്ങാനം നോര്‍ത്ത് പോസ്റ്റോഫീസിലെ അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റുമാസ്റ്ററാണ് സുരേഷ്.
ഫെബ്രുവരി 15 വരെ നടന്ന ആദ്യ ഘട്ട മത്സരത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, വാഹന ഇന്‍ഷുറന്‍സ് എന്നിവയില്‍ 3.34 ലക്ഷം രൂപയുടെ പ്രീമിയം സമാഹരണം നടത്തിയാണ് സുരേഷ് രാജ്യത്ത് ഒന്നാമത്തെത്തിയത്. ഒരു ലക്ഷം പ്രീമിയത്തിന്‍റെ ഗോള്‍ഡന്‍ ലെവലില്‍ കേരള സര്‍ക്കിളില്‍ നിന്നും കയറിയ ഏക ജീവനക്കാരനും സുരേഷാണ്.
രണ്ടു മാസം മുൻപ് ഇന്ത്യ പോസ്റ്റ് പേയ്‌മെന്‍റ്സ് ബാങ്ക് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നടത്തിയ മത്സരത്തില്‍ സുരേഷ് റാന്നി കേരള സര്‍ക്കിളില്‍ ഒന്നാം സ്ഥാനവും ദേശീയ തലത്തില്‍ ഏഴാം സ്ഥാനവും നേടിയിരുന്നു. സര്‍ക്കിള്‍ എക്‌സലന്‍സ് പുരസ്ക്കാരം ഉൾപ്പെടെ സര്‍ക്കിള്‍, റീജിയന്‍, ഡിവിഷന്‍ തലങ്ങളിൽ സുരേഷ് വിവിധ അവാർഡുകൾ നേടിയിട്ടുണ്ട്.