പത്തനംതിട്ട: മൗലികാവകാശങ്ങളെ പോലെ തന്നെ ഭരണഘടനയെക്കുറിച്ചും കടമകളെക്കുറിച്ചും നമ്മുടെ വിദ്യാര്‍ഥികളെ ബോധവാന്മാരാക്കണമെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. ഭരണഘടനയുടെ ആമുഖത്തെയും മൗലികാവകാശങ്ങളെയും കടമകളേയും കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുന്ന ലഘുലേഖകള്‍ എല്ലാ സ്‌കൂളുകളിലും സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ വിതരണം ചെയ്യണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
റാന്നി ചെല്ലക്കാട് സിറിയന്‍ ക്രിസ്ത്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‍റെ ശതാബ്ദി ആഘോഷം മാര്‍ത്തോമ കണ്‍വെന്‍ഷന്‍ നഗര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. മലങ്കര മാര്‍ത്തോമ സുറിയാനി സഭാ അധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, രാജു എബ്രഹാം എം.എല്‍.എ, മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്, സ്‌കൂള്‍ മാനേജര്‍ റവ.ഫാ.മാത്യു സ്‌കറിയ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലീനാ ആനി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.