പത്തനംതിട്ട: റാന്നിയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥിയെ കാണാതായ വിവരമറിഞ്ഞെത്തിയ അയല്‍വാസി കുഴഞ്ഞുവീണു മരിച്ചു. കരിംക്കുറ്റി വടക്കേതിൽ പരീത് റാവുത്തർ (കുഞ്ഞുമോൻ) ആണ് കുഴഞ്ഞു വീണ് മരിച്ചത്. അയല്‍വാസിയായ മോനിഷിനെ ഒഴുക്കിപ്പെട്ട് കാണാതായെന്ന വിവരമറിഞ്ഞാണ് പരീത് റാവുത്തർ ഇന്നലെ വൈകീട്ട് തിരച്ചില്‍ നടന്ന സ്ഥലത്തെത്തിയത്. തിരച്ചിൽ നടക്കുന്നതിനിടെ പരീത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also read: ആലപ്പുഴയില്‍ വീടിനുള്ളിൽ രണ്ട് പേർ മരിച്ച നിലയിൽ
ചെട്ടിമുക്ക് സ്വദേശി മുള്ളംകുഴി തടത്തില്‍ ചാക്കോ ജോണിന്‍റെ മകന്‍ മോനിഷിനെയാണ് (ജോണ്‍ ചാക്കോ) ഇന്നലെ വൈകിട്ട് ഒഴുക്കിൽപ്പെട്ട് കാണാതായത്. നിര്‍മാണത്തിലിരിക്കുന്ന പുള്ളോലി പാലത്തിന് സമീപം വൈകിട്ട് നാല് മണിയോടെ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് മോനിഷ് കുളിക്കാനെത്തിയത്. വെള്ളത്തിലേക്ക് ചാടിയ മോനിഷിനെ കാണാതാകുകയായിരുന്നു. നീന്തല്‍ വശമുണ്ടെങ്കിലും സമീപത്തെ തടയണയിലോ പൊളിച്ച പാലത്തിന്‍റെ അവശിഷ്‌ടങ്ങളിലോ തല ഇടിച്ചതാകാമെന്ന് കരുതുന്നു. ഇവിടെ നല്ല ഒഴുക്കുള്ള ഭാഗമാണ്. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് വൈകിട്ട് ഏഴ് മണി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എരുമേലി ഷെയര്‍ മൗണ്ട് കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ് ജോണ്‍.