പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയുടെ ചിത്രം മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നഗ്നവീഡിയോ കൈക്കലാക്കി പ്രചരിപ്പിച്ച കേസില്‍ രണ്ടു പേർ അറസ്റ്റില്‍. ഒന്നാം പ്രതി കൊടുമൺ സ്വദേശി പ്രായപൂര്‍ത്തിയാകാത്തയാൾ, രണ്ടാം പ്രതി കൊടുമണ്‍ ഐക്കാട് നെടിയമരത്തിനാല്‍ രാഹുല്‍(18) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വാട്‌സ്ആപ്പ് മുഖേന കൈക്കലാക്കിയ നഗ്നവീഡിയോ നിരവധി പേര്‍ക്ക് ഷെയര്‍ ചെയ്‌തുവെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
വാട്‌സ്ആപ്പ് ഗ്രൂപ്പ് മുഖേന പരിചയപ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികള്‍ പെൺകുട്ടിയുടെ ഫോട്ടോ തന്ത്രപൂര്‍വം കൈക്കലാക്കി. ഇവ മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് നഗ്നദൃശ്യങ്ങള്‍ വാങ്ങിയത്. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതിപ്പെട്ടത്.
കോടതിയില്‍ ഹാജരാക്കിയ രണ്ടാം പ്രതിയെ റിമാന്‍ഡ് ചെയ്‌തു. പ്രായപൂര്‍ത്തിയാകാത്ത ഒന്നാം പ്രതിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കി നടപടികള്‍ സ്വീകരിച്ചു. പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ടി.ഡി പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
Also Read: ആരാധനാലയങ്ങളിലെ ഉച്ചഭാഷണികള്‍ നിയന്ത്രിക്കാൻ കര്‍ണാടക