പത്തനംതിട്ട: കാലവർഷം ചതിച്ചതോടെ പ്രവർത്തനം നിർത്തിവെയ്ക്കെണ്ട അവസ്ഥയിലാണ് ശബരിഗിരി ജല വൈദ്യുതപദ്ധതി. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയാണിത്.മഹാപ്രളയത്തിന് ശേഷം തുലാവർഷം കാര്യമായി ലഭിച്ചിരുന്നില്ല. ഇപ്പോൾ ഇടവപ്പാതി മഴ കൃത്യമായി ലഭിക്കാത്തതും വൻ പ്രതിസന്ധിക്ക് വഴിവച്ചു.
കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി ഏഴ് മണിക്കൂർ മാത്രമാണ് ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നത്. ശബരിഗിരി ഡാമിൽ നിന്ന് വൈദ്യുതി ഉത്പ്പാദനത്തിന് ശേഷം പുറത്തേക്കൊഴുകുന്ന വെള്ളത്തെ ആശ്രയിക്കുന്ന കക്കാട്, അള്ളുങ്കൽ, ഈഡിസിഎൽ, കാരിക്കയം അയ്യപ്പാ ഹൈഡ്രോ ഇലക്ട്രിക്ക് പദ്ധതി, മണിയാർ, പെരുനാട് എന്നീ അഞ്ച് ചെറു പദ്ധതികളും വെള്ളമില്ലാതെ പ്രതിസന്ധി നേരിടുന്ന അവസ്ഥയിലാണ്.
പ്രതിസന്ധി പരിഹരിക്കാൻ കൊച്ചു പമ്പ അണക്കെട്ടിലേക്ക് സമീപത്തെ നീർച്ചാലുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കയറ്റിയിരുന്നു. എന്നാൽ ഈ നീർച്ചാലുകളിലും വെള്ളത്തിന്റെ അളവ് കുറഞ്ഞത് തിരിച്ചടിയായി. ഏതാനും ദിവസങ്ങൾ കൂടി ഈ സ്ഥിതി തുടർന്നാൽ ശബരിഗിരി പദ്ധതിയിൽ നിന്നുള്ള വൈദ്യുതോത്പ്പാദനം പൂർണ്ണമായും നിലക്കും.
മുൻ വർഷം ഈ സമയം ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയോളം വെള്ളം ഉണ്ടായിരുന്നു. ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കാര്യമായി ലഭിക്കാതെ വന്നതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് തീരെ ദുർബ്ബലമായതാണ് പ്രതിസന്ധിയെ രൂക്ഷമാക്കുന്നത്.