പത്തനംതിട്ട : ശബരിമലയില്‍ മകര വിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്ത് നിന്നു പുറപ്പെടും (Sabarimala Thiruvabharanam Procession 2024). ഇതിനു തുടക്കം കുറിച്ച് പന്തളം കൊട്ടാരത്തിലെ സുരക്ഷിത മുറിയ്ക്ക് പുറത്തു സൂക്ഷിച്ചിരുന്ന തിരുവഭരണ പേടകങ്ങൾ ഇന്ന് രാവിലെ 7 ന് കൊട്ടാര മുറ്റത്തു ഒരുക്കിയ പ്രത്യേക പന്തലിലേക്ക് പേടക വാഹക സംഘം എത്തിച്ചു. ഇവിടെ പേടകങ്ങൾ കണ്ട് തൊഴാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
പേടകങ്ങൾ തുറന്നുള്ള ദർശനം ഇല്ല. ഇന്ന് ഉച്ചയ്ക്ക് 12.45 ന് മേൽശാന്തി നീരാജനവും കർപ്പൂരാഴിയും ഉഴിയുന്നതോടെ ഘോഷയാത്ര പന്തളത്തു നിന്നും പുറപ്പെടും. പരമ്പരാഗത പാതയിലൂടെ 15നു വൈകിട്ട് സന്നിധാനത്ത് എത്തും. രാജ കുടുംബാംഗം മരിച്ചതിനാല്‍ വലിയ കോയിക്കല്‍ ക്ഷേത്രത്തിലും പന്തളം കൊട്ടാരത്തിലും ആചാരപരമായ ചടങ്ങുകള്‍ ഉണ്ടാകില്ല.
രാജ പ്രതിനിധി ഘോഷയാത്രയെ അനുഗമിക്കുന്നതും ഇത്തവണയില്ല. പന്തളം കൊട്ടാരത്തിലും ക്ഷേത്രത്തിലും നടത്തേണ്ട ആചാരപരമായ ചടങ്ങുകളും ഉണ്ടാകില്ല. ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെടുന്ന ഘോഷയാത്രയെ പന്തളം മണികണ്‌ഠൻ ആൽത്തറയിൽ അയ്യപ്പ സേവ സംഘം സ്വീകരിക്കും. തിരുവഭരണ പെട്ടി തുറന്നുള്ള ആദ്യ ദർശനം കുളനട ദേവി ക്ഷേത്രത്തിലാകും.
അസിസ്റ്റന്‍റ് കമാൻഡന്‍ഡ് എംസി ചന്ദ്രശേഖരന്‍റെ നേതൃത്വത്തിലുള്ള 40 അംഗ സംഘവും ബോംബ് സ്‌ക്വാഡും തിരുവഭാരണ ഘോഷയാത്രയെ അനുഗമിച്ചു സുരക്ഷ ഒരുക്കും. തൃശൂര്‍ ഫയര്‍ഫോഴ്‌സ് അക്കാദമി റീജിയണല്‍ ഡയറക്‌ടര്‍ എം ജി രാജേഷ്, അടൂര്‍ സ്റ്റേഷൻ ഓഫിസര്‍ വി വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള 17 അംഗ സംഘവും തിരുവാഭരണ ഘോഷയാത്രയ്‌ക്ക് ഒപ്പമുണ്ടാകും.
ഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളും സമയവും: ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പന്തളം നിന്ന് പുറപ്പെടും. പന്തളം മണികണ്‌ഠൻ ആൽത്തറയിൽ അയ്യപ്പ സേവ സംഘം സ്വീകരണം. 1.30ന് കൈപ്പുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം, 2ന് കുളനട ഭഗവതി ക്ഷേത്രത്തില്‍ തിരുവാഭരണങ്ങള്‍ ദര്‍ശനത്തിന് തുറക്കും.
2.15ന് കൈപ്പുഴ ഗുരുമന്ദിരം, മുടപ്പന വഴി 2.30ന് ഉള്ളന്നൂര്‍ ദേവീക്ഷേത്രത്തിലെത്തി തുറക്കും. 3.15ന് കരിയറപ്പടി, പറയങ്കര, തവിട്ടുപൊയ്‌ക വഴി 3.30ന് കുറിയാനിപ്പള്ളി ക്ഷേത്രത്തില്‍ തുറക്കും. തുടര്‍ന്ന് തവിട്ടുപൊയ്‌കയില്‍ തിരിച്ചെത്തി കൂടുവെട്ടിക്കല്‍ വഴി കാവുംപടി ക്ഷേത്രം.
4.30ന് കിടങ്ങന്നൂര്‍ ജങ്‌ഷൻ, 5ന് നാല്‍ക്കാലിക്കല്‍ സ്‌കൂള്‍ ജങ്‌ഷൻ, 5.30ന് ആറന്മുള കിഴക്കേനട, 5.45ന് പൊന്നുംതോട്ടം ക്ഷേത്രം വഴി 7ന് പാമ്പാടിമണ്‍ ക്ഷേത്രത്തില്‍ തുറക്കും. 8.30ന് ചെറുകോല്‍പ്പുഴ ക്ഷേത്രം, 9.30ന് അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി തുറന്നു വയ്ക്കും. ഘോഷയാത്ര സംഘം ഇവിടെ വിശ്രമിക്കും.
14ന് പുലര്‍ച്ചെ 2ന് യാത്ര തുടര്‍ന്ന് ഇടപ്പാവൂര്‍, പേരൂര്‍ച്ചാല്‍, ആഴിക്കല്‍കുന്ന് വഴി ഇടക്കുളത്തെത്തി പേടകം തുറക്കും. തുടര്‍ന്ന് റാന്നി വൈക്കം വഴി രാവിലെ 8ന് വടശ്ശേരിക്കര ക്ഷേത്രത്തിലെത്തി തുറന്നുവയ്ക്കും. 9.30ന് പ്രയാര്‍ ക്ഷേത്രത്തില്‍ തുറക്കും. തുടര്‍ന്ന് മാടമണ്‍, പൂവത്തുംമൂട് വഴി 11ന് കൊട്ടാര ക്ഷേത്രത്തിലെത്തും.
തുടര്‍ന്ന് പൂവത്തുംമൂട് കടത്തുകടന്ന് ഉച്ചയ്ക്ക് 2ന് പെരുനാട് ശാസ്‌താക്ഷേത്രത്തിലെത്തും. 3.30ന് അവിടെ നിന്ന് പുറപ്പെട്ട് 5ന് പെരുനാട് രാജേശ്വരി ക്ഷേത്രത്തില്‍ പേടകം തുറക്കും. 6ന് അവിടെ നിന്ന് പുറപ്പെട്ട് തോട്ടം വഴി 8ന് ളാഹ വനംവകുപ്പ് ഗസ്റ്റ് ഹൗസിലെത്തി പേടകം തുറന്നുവയ്ക്കും. ഇവിടെ ഘോഷയാത്ര സംഘം വിശ്രമിക്കും.
ജനുവരി 15ന് പുലര്‍ച്ചെ 3ന് ളാഹയില്‍ നിന്ന് പുറപ്പെട്ട് രാജാംപാറ വഴി 6ന് പ്ലാപ്പള്ളിയില്‍ എത്തും. 7ന് അവിടെ നിന്ന് പുറപ്പെടും. 8ന് നാറാണംതോട്ടം. 9ന് നിലയ്ക്കല്‍ ക്ഷേത്രം. അവിടെ നിന്ന് 10.30ന് പുറപ്പെട്ട് അട്ടത്തോട്, കൊല്ലംമൂഴി വഴി ഒലിയമ്പുഴ, കുറങ്കയം വഴി ഉച്ചയ്ക്ക് 1ന് വലിയാനവട്ടത്ത് എത്തിച്ചേരും.
2.30ന് അവിടെ നിന്ന് പുറപ്പെട്ട് ചെറിയാനവട്ടം വഴി നീലിമല കയറി, അപ്പാച്ചിമേട് വഴി 4.30ന് ശബരീപീഠം. 5.30ന് ശരംകുത്തിയിലെത്തും. വൈകിട്ട് 6ന് ഇവിടെ നിന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിൽ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും.