പത്തനംതിട്ട: പന്തളം കൊട്ടാരം കുടുംബാംഗത്തിന്‍റെ നിര്യാണത്തെ തുടർന്ന് ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര ചടങ്ങുകളിൽ (Sabarimala Thiruvabharana Ghoshayatra) മാറ്റമുണ്ടാകില്ല എന്ന് അറിയിച്ച് പന്തളം കൊട്ടാരം നിർവാഹക സംഘം. പന്തളം കൊട്ടാരം കുടുംബാംഗം അംബിക തമ്പുരാട്ടിയുടെ നിര്യാണത്തെ (Pandalam Ambika Thampuartti Death) തുടർന്ന് വലിയകോയിക്കൽ ധർമശാസ്‌ത ക്ഷേത്രവും തിരുവാഭരണം സൂക്ഷിച്ചിരിക്കുന്ന സ്രാമ്പിക്കൽ കൊട്ടാരവും അടച്ചെങ്കിലും ജനുവരി 13ന് നടക്കുന്ന തിരുവാഭരണ ഘോഷയാത്ര മുടക്കം കൂടാതെ നടക്കുമെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്‍റ് ശങ്കർ വർമ, സെക്രട്ടറി എം ആർ സുരേഷ് വർമ എന്നിവർ അറിയിച്ചു.
ക്ഷേത്രം 11 ദിവസമാണ് അടച്ചിടുക. 12-ാം ദിവസമായ ജനുവരി 17 ബുധനാഴ്‌ച ശുദ്ധി ക്രിയകൾക്ക് ശേഷമാകും തുറക്കുക. എന്നാൽ രാജപ്രതിനിധിയ്ക്ക് ഇക്കൊല്ലം തിരുവാഭരണ ഘോഷയാത്രയെ നയിക്കുവാനാകില്ല. ഘോഷയാത്രയ്ക്ക് മുമ്പും യാത്രയിലും രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ നടത്തേണ്ടതായ ചടങ്ങുകൾ ഈ വർഷം ഉണ്ടാകില്ല.
ശബരിമലയിൽ രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ നടക്കുന്ന കളഭാഭിഷേകത്തിലും കുരുതിയിലും കൊട്ടാരം തീരുമാനിക്കുന്ന പ്രതിനിധി പങ്കെടുക്കും. ജനുവരി 13-ന് ഘോഷയാത്ര നടക്കുന്ന ദിവസമാണ് ഇനി തിരുവാഭരണം സൂക്ഷിച്ചിരിക്കുന്ന കൊട്ടാരം തുറന്ന് ആഭരണപ്പെട്ടികൾ പുറത്തെടുക്കുന്നത്. സാധാരണ ഘോഷയാത്ര ദിവസം ദർശനത്തിനായി തുറന്ന് വയ്ക്കുന്ന പതിവ് ഇത്തവണ ഇല്ല.
ആഭരണപ്പെട്ടികൾ ശുദ്ധിവരുത്തിയ മറ്റൊരു സ്ഥലത്തേക്ക് മാറ്റി, പെട്ടി തുറക്കാതെ തന്നെ ദർശനസൗകര്യമൊരുക്കാനാണ് കൊട്ടാരം നിർവാഹക സംഘത്തിന്‍റെ തീരുമാനം. പെട്ടികൾ വയ്ക്കുന്ന സ്ഥലത്തിന്‍റെ കാര്യം കൊട്ടാരം പിന്നീട് തീരുമാനിക്കും. ഘോഷയാത്രയ്ക്ക് മാറ്റവുമുണ്ടാകില്ല.
ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന ഘോഷയാത്ര, പെട്ടികൾ ദർശനത്തിനായി വയ്ക്കുന്ന സ്ഥലത്ത് നിന്നാകും ശിരസിലേറ്റുന്നത്. രാജപ്രതിനിധിയും പരിവാരങ്ങളും പല്ലക്കുവാഹകരുമൊന്നും ഇത്തവണ ഘോഷയാത്രയിൽ ഉണ്ടാകില്ല. തിരുവാഭരണ പേടകം സുരക്ഷ മുറിയിൽ നിന്ന് പുറത്തെടുക്കുന്നത് മുതൽ ആഭരണ പേടകങ്ങൾ ശിരസിലേറ്റി ഘോഷയാത്ര പുറപ്പെടുന്നത് വരെയുള്ള ചടങ്ങുകൾ കൊട്ടാരത്തിലെ മറ്റ് അംഗങ്ങളാകും നിർവഹിക്കുകയെന്നും കൊട്ടാരം നിർവാഹക സംഘം ഭാരവാഹികൾ അറിയിച്ചു.