പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്‌ത ക്ഷേത്രനട തുറന്നു. ഇന്ന്(16.08.2022) വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്രം മുതിര്‍ന്ന തന്ത്രി കണ്‌ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര തിരുനട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. പിന്നാലെ ഗണപതി, നാഗര്‍ തുടങ്ങിയ ഉപദേവത ക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിയിച്ചു.
പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ശാന്തി അഗ്നിപകർന്നതോടെ അയ്യപ്പഭക്തര്‍ ശരണം വിളികളോടെ പതിനെട്ടാംപടി കയറി ശബരീശനെ തൊഴുതു വണങ്ങി. അയ്യപ്പസ്വാമിക്ക് അവലും മലരും നിവേദ്യം നടത്തിയ ശേഷം തന്ത്രി കണ്‌ഠരര് രാജീവരര് ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്‌തു. മാളികപ്പുറം മേല്‍ശാന്തി ശംഭു നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് വിളക്കുകൾ തെളിയിച്ചു.
ഓഗസ്‌റ്റ് 17 മുതല്‍ 21 വരെയാണ് ശബരിമല, മാളികപ്പുറം ക്ഷേത്രനടകള്‍ തുറന്നിരിക്കുക. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്‌ത് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം. കൂടാതെ നിലയ്‌ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് സ്‌പോട്ട് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ചിങ്ങം ഒന്നായ ഓഗസ്‌റ്റ് 17 ന് പുലര്‍ച്ചെ അഞ്ച് മണിക്ക് തിരുനട തുറന്ന ശേഷം പതിവ് അഭിഷേകവും, നെയ്യഭിഷേകവും, മഹാഗണപതിഹോമവും, മറ്റ് പൂജകളും നടക്കും. ഉദയാസ്‌തമയ പൂജ, അഷ്‌ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും ഉണ്ടായിരിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.
ഓണനാളുകളിലെ പൂജകള്‍ക്കായി സെപ്‌റ്റംബര്‍ ആറിന് വൈകിട്ട് നട തുറക്കും. സെപ്‌റ്റംബര്‍ 10 ന് തിരുനട അടയ്‌ക്കും.