പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം 5 മണിക്ക് ശബരിമല മേൽശാന്തി എ.കെ സുധീർ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് വിഗ്രഹത്തിന് മുന്നിൽ നെയ്യ് വിളക്ക് തെളിയിക്കും. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലും നട തുറന്ന് ദീപം തെളിയിച്ച ശേഷം പതിനെട്ടാം പടിയിറങ്ങി ആഴിയിൽ അഗ്നി പകരുന്നതോടെ ഭക്തർക്ക് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്താൻ അനുവദിക്കും. ഇന്ന് പ്രത്യേക പൂജകൾ ഒന്നും ഉണ്ടാവില്ല.
കുംഭമാസം ഒന്നാം തീയതിയായ നാളെ പുലർച്ചെ അഞ്ചിന് നടതുറക്കും. തുടർന്ന് ഉഷപൂജ, നെയ്യഭിഷേകം എന്നീ ചടങ്ങുകൾ നടക്കും. നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും നെയ്യഭിഷേകം, ഉച്ചപൂജ, ദീപാരാധന, പടിപൂജ, പുഷ്പ്പാഭിഷേകം തുടങ്ങിയ വിശേഷാൽ പൂജകൾ നടക്കും. ചടങ്ങുകൾക്ക് തന്ത്രി മഹേഷ് മോഹൻ മുഖ്യ കാർമ്മികത്വം വഹിക്കും. 18ന് രാത്രി 10 മണിക്ക് മേൽശാന്തി ഭഗവാനെ ഭസ്മാഭിഷിക്തനാക്കി യോഗദണ്ഡും ജപമാലയും ധരിപ്പിച്ച ശേഷം ഹരിവരാസനം പാടി നടയടക്കുന്നതോടെ കുംഭമാസ പൂജകൾക്ക് സമാപനമാകും.