പത്തനംതിട്ട : ശബരിമലയില്‍ (Sabarimala) വർണവും വാദ്യമേളങ്ങളും കൊണ്ട് ഉത്സവാന്തരീക്ഷം തീർത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര (Karppoorazhi Procession). സന്നിധാനത്ത് സേവനമനുഷ്‌ഠിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് (Thiruvithamkoor Devaswom Board Karppoorazhi Procession) ജീവനക്കാർ മണ്ഡല മഹോത്സവത്തിന്‍റെ ഭാഗമായി എല്ലാ വർഷങ്ങളിലും നടത്താറുള്ള കർപ്പൂരാഴി ഘോഷയാത്രയാണ് ഇക്കുറിയും കൊണ്ടാടിയത്. ഇന്നലെ (ഡിസംബർ 23) ദീപാരാധനയ്ക്ക് ശേഷം വൈകുന്നേരം 6:40ന് കൊടിമരത്തിന് മുന്നിൽ നിന്നും ക്ഷേത്രം തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരും മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയും ചേർന്ന് കർപ്പൂരാഴിയ്ക്ക് അഗ്നി പകർന്നു.
തുടർന്ന് ക്ഷേത്രത്തിന് വലം വച്ച് നീങ്ങിയ ഘോഷയാത്ര ഫ്ലൈഓവർ കടന്ന് മാളികപ്പുറം ക്ഷേത്രസന്നിധിവഴി നടപ്പന്തലിൽ വലം വച്ച് പതിനെട്ടാം പടിയ്ക്ക് മുന്നിൽ സമാപിച്ചു. പുലി വാഹനമേറിയ അയ്യപ്പൻ, ശിവൻ, പാർവതി, ഹനുമാൻ തുടങ്ങിയ ദേവത രൂപങ്ങളൾ സന്നിധാനത്ത് തിങ്ങിനിറഞ്ഞ ഭക്തസഹസ്രങ്ങൾക്ക് ആനന്ദക്കാഴ്‌ചയായി. വർണക്കാവടിയും മയൂരനൃത്തവും വിളക്കാട്ടവും കർപ്പൂരാഴി ഘോഷാത്രയ്‌ക്ക് മിഴിവേകി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്, ശബരിമല പൊലീസ് സ്‌പെഷ്യൽ ഓഫിസർ കെ എസ് സുദർശൻ, ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ എച്ച് കൃഷ്‌ണകുമാർ, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ ഒ ജി ബിജു, ദേവസ്വം ബോർഡ് പി ആർ ഒ സുനിൽ അരുമാനൂർ തുടങ്ങിയവർ പങ്കെടുത്തു. ശബരിമലയിൽ ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കരും ഘോഷയാത്രയുടെ ഭാഗമായി.
തുടർച്ചയായ രണ്ടാം ദിവസമാണ് ശബരിമല സന്നിധാനത്ത് കർപ്പൂരാഴി ഘോഷയാത്ര നടക്കുന്നത്. സന്നിധാനത്ത് സേവനം അനുഷ്‌ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ നേതൃത്വം കൊടുത്ത കർപ്പൂരാഴി ഘോഷയാത്ര (Karppoorazhi Procession By Police In Sabarimala) ഡിസംബർ 22ന് വൈകുന്നേരം സംഘടിപ്പിച്ചിരുന്നു. മണ്ഡല പൂജയ്ക്ക് (Sabarimala Mandala Pooja) മുന്നോടിയായിട്ടാണ് സന്നിധാനത്ത് കർപ്പൂരാഴി ഘോഷയാത്ര നടത്താറുള്ളത്.
Also Read : ഭക്തി സാന്ദ്രമായി ശബരിമല ; തങ്ക അങ്കി ഘോഷയാത്ര ആറന്മുളയിൽ നിന്നു പുറപ്പെട്ടു
അതേസമയം, മണ്ഡല പൂജയ്ക്കായുള്ള തങ്ക അങ്കി ഘോഷാത്ര (Sabarimala Thanka Anki Procession) ഡിസംബർ 26ന് വൈകുന്നേരമാണ് ശബരിമലയിൽ എത്തുന്നത്. 23ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടത്. ഡിസംബർ 27ന് ആണ് മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ചുള്ള മണ്ഡലപൂജ നടക്കുന്നത്.