പത്തനംതിട്ട: ശബരിമല ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളത്തിന് വേണ്ടി കോട്ടയം ജില്ലയിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളില്‍ ഉള്‍പ്പെട്ട 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് പരിശോധിച്ച വിദഗ്‌ദ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
ശബരിമല വിമാനത്താവളം സംസ്ഥാനത്തിന്‍റെ പൊതു ആവശ്യം ആണെന്നതും പദ്ധതിക്കായി ആവശ്യമുള്ളത് ചുരുങ്ങിയ അളവിലുള്ള ഭൂമിയാണെന്നതും കണക്കിലെടുത്താണ് ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. വിമാനത്താവളത്തിന് അനുയോജ്യമായ മറ്റു ഭൂമികള്‍ ലഭ്യമല്ലാത്തതും നിലവില്‍ കണ്ടെത്തിയ ഭൂമി വിമാനത്താവളത്തിന് അനുയോജ്യമാണെന്നുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ സ്ഥിരീകരണത്തിന്‍റെയും അടിസ്ഥാനത്തിലാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.
2013 ലെ ഭൂമി ഏറ്റെടുക്കൽ, പുനരധിവാസ നിയമങ്ങൾ അനുസരിച്ച് സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോര്‍ട്ടിന്മേല്‍ വിദഗ്‌ദ സമിതി ശുപാര്‍ശ സമര്‍പ്പിക്കുന്ന തിയതി മുതല്‍ ഒരു വർഷത്തിനകം സെക്ഷൻ 11(1) പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കണമെന്നുള്ളതാണ് വ്യവസ്ഥ. 2023 ആഗസ്റ്റ് 22 നാണ് വിദഗ്‌ദ സമിതി ശുപാര്‍ശ സമര്‍പ്പിച്ചത്. അതു പ്രകാരം 2024 ആഗസ്റ്റില്‍ തന്നെ ഭൂമി ഏറ്റെടുക്കലിന്‍റെ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
സമയബന്ധിതമായി പൂര്‍ത്തിയാക്കും: ഭൂവുടമകളുടെ ഭൂരേഖകള്‍ പരിശോധിച്ച് ഉറപ്പു വരുത്തണം. ഇത്തരത്തില്‍ ഭൂരേഖകളുടെ പരിശോധനക്ക് ശേഷം ഭൂമി സര്‍വ്വെ ചെയ്യുന്ന നടപടികളിലേക്ക് കടക്കും. അതിന് ശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. ശബരിമല വിമാനത്താവളത്തിനായുള്ള എല്ലാ നടപടികളും അതിവേഗത്തില്‍ സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇച്ഛാശക്തിയുടെ ഫലമാണ് ഈ വിമാനത്താവളം യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
ശബരിമലയിൽ നാളെ മുതൽ സൗജന്യ വൈഫൈ: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാൻ വേണ്ട തീരുമാനം അടിയന്തിര പ്രാധാന്യത്തോടെ കൈകൊണ്ട് ദേവസ്വം ബോർഡ്. ബി എസ് എൻ എല്ലുമായി സഹകരിച്ച് ശബരിമല സന്നിധാനത്തും പരിസരങ്ങളിലുമായി പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് സൗജന്യ വൈഫൈ സേവനം ഒരുക്കുന്നത്. ഇതിനു പുറമെ ദേവസ്വം വക മൂന്ന് സ്റ്റാഫ് ക്വാർട്ടേഴ്‌സുകളിലും സൗജന്യ വൈ ഫൈ സംവിധാനം ലഭിക്കും.
ഒരു സെക്കന്‍റിൽ 100 Mb ആണ് വൈഫൈ നെറ്റ് വർക്കിന്‍റെ വേഗത. ആദ്യ അരമണിക്കൂർ ഭക്തർക്ക് വൈഫൈ സൗജന്യമായി ഉപയോഗിക്കാം. തുടർന്നുള്ള സമയങ്ങളിൽ ഒരു ജിബിയ്‌ക്ക് ഒൻപത് രൂപ നിരക്കിൽ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും.
താഴെ പറയുന്ന സ്ഥലങ്ങളിൽ വൈഫൈ സേവനം ലഭ്യമാണ്. അക്കോമഡേഷൻ ഓഫീസ് പരിസരം, നടപന്തലിലെ സ്റ്റേജിന്‍റെ ഇരുവശങ്ങൾ, നടപന്തലിലെ മധ്യഭാഗത്ത് ഇടത്-വലത് ഭാഗങ്ങൾ, നടപന്തലിലേക്ക് പ്രവേശിക്കുന്നിടത്ത് ഇടതും വലതും ഭാഗങ്ങൾ, അപ്പം-അരവണ കൗണ്ടർ, നെയ്യഭിഷേക കൗണ്ടർ, അന്നധാനമണ്ഡപം, മാളികപ്പുറത്തെ രണ്ട് നടപന്തലുകൾ എന്നിങ്ങനെ പന്ത്രണ്ട് ഇടങ്ങളിലാണ് വൈഫൈ സംവിധാനം ലഭ്യമാവുക.
ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. വൈഫൈ സംവിധാനം നാളെ മുതൽ ലഭ്യമായി തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറഞ്ഞു.
ഭക്തർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കും:ശബരിമലയിൽ ദർശനത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് അഡീഷണൽ ഡിസ്ട്രിക്‌ട് മജിസ്‌ട്രേറ്റ് സൂരജ് ഷാജിയുടെ അധ്യക്ഷതയിൽ സന്നിധാനത്ത് ഉന്നതതല ഏകോപന സമിതി യോഗം ചേർന്നു. ഭക്തർ വിരിവെയ്ക്കുന്ന സ്ഥലം കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാൻ ദേവസ്വം ബോർഡിനും സന്നദ്ധ സംഘടനകൾക്കും യോഗത്തിൽ നിർദേശം നൽകി. അവശ്യ സാധനങ്ങൾക്ക് അധിക വില ഈടാക്കുന്നത് നിയന്ത്രിക്കാൻ പരിശോധന കർശനമാക്കും.
ക്യൂവിൽ നിൽക്കുന്നവർക്ക് വെള്ളവും ലഘു ഭക്ഷണവും എത്തിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്‌തു. മണ്ഡലകാല പൂജയോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും വിഷയമായി. ഡ്യൂട്ടി മജിസ്ട്രേറ്റ് എൻ കെ കൃപ, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ വി കൃഷ്‌ണകുമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.