പത്തനംതിട്ട : ശബരിമല മാളികപ്പുറത്തിന് സമീപത്തെ വെടിപ്പുരയിൽ കതിന പൊട്ടിയുണ്ടായ അപകടത്തിൽ മൂന്നുപേര്‍ക്ക് പരിക്കേറ്റ സംഭവത്തിൽ റിപ്പോര്‍ട്ട് തേടി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍. പത്തനംതിട്ട കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ക്കാണ് നിര്‍ദേശം. പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോട്ടയം, പത്തനംതിട്ട കലക്‌ടര്‍മാരെ മന്ത്രി ചുമതലപ്പെടുത്തി.
ALSO READ| സന്നിധാനത്ത് വെടിപ്പുരയ്‌ക്ക് തീ പിടിച്ച് അപകടം ; മൂന്നുപേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
അപകടം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ച ശേഷം മതിയായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ശബരിമല മാളികപ്പുറത്തിന് അടുത്തായി സ്ഥിതിചെയ്യുന്ന ഇന്‍സുലേറ്ററിന് സമീപം ഇന്ന് വൈകിട്ട് അഞ്ചിനാണ് അപകടമുണ്ടായത്. ഇവിടുത്തെ തൊഴിലാളികളായ ചെങ്ങന്നൂര്‍ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശേരി വടശേരില്‍ എആര്‍ ജയകുമാര്‍ (47), ചെങ്ങന്നൂര്‍ കാരയ്ക്കാട് പാലക്കുന്ന് മോടിയില്‍ അമല്‍ (28), പാലക്കുന്ന് മോടിയില്‍ രജീഷ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തീര്‍ഥാടകര്‍ക്ക് പരിക്കില്ല : കതിന നിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടം നടന്നയുടൻ പരിക്കേറ്റവരെ ആംബുലന്‍സിൽ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. സാരമായി പൊള്ളലേറ്റ ജയകുമാറിന്‍റെ നില ഗുരുതരമാണെന്നാണ് വിവരം. മൂവരേയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകട കാരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കും. അപകടത്തിൽ തീർഥാടകർക്ക് ആർക്കും പരിക്കേറ്റിട്ടില്ല.