പത്തനംതിട്ട: മിഥുനമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്‌ത ക്ഷേത്ര തിരുനട വ്യാഴാഴ്‌ച (15.06.2023) വൈകിട്ട് തുറന്നു. ക്ഷേത്ര തന്ത്രി കണ്‌ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. ശേഷം മേല്‍ശാന്തി ഗണപതി, നാഗര്‍ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്നി പകർന്നു.
തുടര്‍ന്ന് തന്ത്രി കണ്‌ഠരര് രാജീവരര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്‌തു. മാളികപ്പുറം മേല്‍ശാന്തി വി ഹരികൃഷ്‌ണന്‍ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. നട തുറന്ന വ്യാഴാഴ്‌ച ശബരിമല അയ്യപ്പ സന്നിധിയിലും മാളികപ്പുറം ക്ഷേത്രത്തിലും പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രാത്രി 10 മണിക്ക് തിരുനട അടച്ചു.
മിഥുനം ഒന്നായ ഇന്ന് (ജൂണ്‍ 16) പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നടതുറന്നു. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും ഉണ്ടായിരുന്നു. 5.30 ന് മഹാഗണപതി ഹോമവും തുടര്‍ന്ന് നെയ്യഭിഷേകവും നടന്നു. 7.30 ന് ഉഷപൂജ നടന്നു. 12.30 ന് ഉച്ചപൂജ നടക്കും. ക്ഷേത്ര തിരുനട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉഷപൂജയ്ക്കു ശേഷം എട്ട് മണിമുതല്‍ മാത്രമെ കുട്ടികള്‍ക്ക് ചോറൂണ് നടക്കുകയുള്ളൂ.
ജൂണ്‍ 16 മുതല്‍ 20 വരെയുള്ള അഞ്ച് ദിവസങ്ങളില്‍ ഉദയാസ്‌തമയ പൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവ ഉണ്ടാകും. ദിവസവും ഉച്ചയ്ക്ക് 1 മണിക്ക് അടയ്ക്കുന്ന തിരുനട വൈകുന്നേരം അഞ്ച് മണിക്ക് ആണ് വീണ്ടും തുറക്കുക. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്‌ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്.
നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്തര്‍ക്കായി സ്പോട്ട് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഞ്ച് ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര തിരുനട 20ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. കര്‍ക്കടക മാസപൂജകള്‍ക്കായി ക്ഷേത്രനട ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. ഇന്നു മുതല്‍ ഈ മാസം 21 വരെ തിരുനട തുറന്നിരിക്കും.
ഹൈടെക് ആയി ശബരിമല, വെര്‍ച്വല്‍ ക്യൂവിന് പിന്നാലെ ഇ കാണിക്ക: ഭക്തര്‍ക്ക് ലോകത്ത് എവിടെയിരുന്നും അയ്യപ്പ സ്വാമിക്ക് കാണിക്ക സമര്‍പ്പിക്കാനുള്ള സാങ്കേതിക സൗകര്യം ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതിനായി ഇ-കാണിക്ക സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴി ഭക്തര്‍ക്ക് അയ്യപ്പനുള്ള കാണിയ്ക്ക അര്‍പ്പിക്കാം. ഇ-കാണിക്ക സംവിധാനം നടപ്പിലാക്കിയതോടെ അയ്യപ്പ ഭക്തർക്ക് ലോകത്ത് എവിടെ നിന്നും കാണിക്ക നല്‍കാമെന്നതിനാൽ കാണിക്ക ഇനത്തിലുള്ള വരുമാനത്തിൽ വലിയ വർധനയുണ്ടാകുമെന്ന പ്രതീക്ഷയും ദേവസ്വം ബോർഡിനുണ്ട്.
ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ സംവിധാനം നടപ്പിലാക്കിയതിന് പിന്നാലെയാണ് ഇ- കാണിക്ക സംവിധാനവും ദേവസ്വം ബോർഡ് നടപ്പിലാക്കിയത്. സംസ്ഥാന പൊലീസിന്‍റെ വെബ്സൈറ്റ് വഴിയായിരുന്നു നേരത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ്. പിന്നീട് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് ദേവസ്വം ബോര്‍ഡ് നേരിട്ട് ഏറ്റെടുക്കുകയായിരുന്നു.
വെര്‍ച്വല്‍ ക്യൂ ബുക്കിങ് സംവിധാനവും ടാറ്റ കണ്‍സണ്‍ട്ടന്‍സി സര്‍വീസസിനെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. അടുത്ത ചിങ്ങ മാസത്തോടെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് സംവിധാനം ഒരുക്കുന്നതിനായുള്ള പൂര്‍ണ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.