പത്തനംതിട്ട : മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിയ്‌ക്കെ കണ്ടെയ്‌നർ ക്ഷാമം മൂലം ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ വിതരണത്തില്‍ പ്രതിസന്ധി തുടരുന്നു. (Aravana supply crisis) അരവണ വിതരണത്തിന് ദേവസ്വം ബോർഡ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് ഭക്തരെ നിരാശരാക്കുന്നതിനൊപ്പം സന്നിധാനത്ത് തിരക്ക് വർധിയ്ക്കുന്നതിനും ഇടയാക്കുകയാണ്.
അരവണ നിറയ്ക്കാനുള്ള കണ്ടെയ്‌നറുകളുടെ കുറവാണ് പ്രതിസന്ധിയ്‌ക്ക് കാരണം. നിലവില്‍ ഒരാള്‍ക്ക് രണ്ട് കണ്ടെയ്‌നര്‍ അരവണ മാത്രമാണ് വിതരണം ചെയ്യുന്നത്. ദിവസങ്ങളായി നീളുന്ന അരവണ ക്ഷാമം സംബന്ധിച്ച് മാധ്യമങ്ങൾ ആരായുമ്പോൾ ഉടൻ പ്രശ്നം പരിഹരിക്കും എന്ന മറുപടി ആവര്‍ത്തിക്കുകയാണ് അധികൃതർ.
ആദ്യം ഒരാൾക്ക് 10 അരവണ വീതമാണ് നല്‍കിയിരുന്നത്. പിന്നീട് അത് 5 എണ്ണമായി കുറച്ചു. ഇപ്പോഴത് രണ്ടിലേക്ക് എത്തിയിരിക്കുകയാണ്. ആവശ്യത്തിന് അരവണ പ്രസാദം ലഭിക്കാത്തതിൽ ഭക്തർ കടുത്ത നിരാശയിലാണ്. അരവണ കൗണ്ടറുകൾക്ക് മുന്നിൽ ഭക്തരില്‍ ചിലര്‍ പ്രതിഷേധിക്കുന്നുമുണ്ട്.
അരവണ ക്ഷാമം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന അയ്യപ്പ ഭക്തരെയാണ്. വലിയ അളവിൽ അരവണ വാങ്ങിയാണ് ഇവരില്‍ ഏറെപേരും ദർശനം കഴിഞ്ഞുമടങ്ങാറുള്ളത്. എന്നാൽ ഒരാൾക്ക് 2 കണ്ടെയ്‌നര്‍ അരവണ എന്നത് തങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്ന് ഭക്തർ പറയുന്നു. അരവണയുടെ എണ്ണം രണ്ടാക്കി കുറച്ചതോടെ, 20 പേരടങ്ങുന്ന ഒരു സംഘം ദർശനത്തിന് എത്തിയാൽ 20 പേരും അരവണയ്ക്കായി കൗണ്ടറിനുമുന്നിൽ ക്യൂ നിൽക്കും. ഇത് സന്നിധാനത്ത് തിരക്ക് വർധിക്കുന്നതിനും കാരണമായി മാറുകയാണ്.
അതേസമയം കഴിഞ്ഞ 26-ന് പുതിയ 2 കമ്പനികള്‍ക്ക് കണ്ടെയ്‌നർ കരാര്‍ നല്‍കിയിരുന്നു. 30 ലക്ഷം കണ്ടെയ്‌നർ വേണമെന്നാണ് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇത്രയും കണ്ടെയ്‌നറുകള്‍ ഒരുമിച്ചെടുക്കാൻ കമ്പനികളില്‍ സ്റ്റോക്ക് ഉണ്ടായിരുന്നില്ല. ഇതോടെ കരാര്‍ ലഭിച്ച ശേഷം നിര്‍മാണം തുടങ്ങിയതാണ് കാലതാമസത്തിന് ഇടയാക്കിയിരിക്കുന്നത്.
പ്രതിദിനം ഏകദേശം നാല് ലക്ഷം കണ്ടെയ്‌നര്‍ അരവണയാണ് സന്നിധാനത്ത് മാത്രം വേണ്ടത്. പുതിയ കരാർ കമ്പനികള്‍ ഇന്നലെ ഒരു ലക്ഷം കണ്ടെയ്‌നർ മാത്രമാണ് എത്തിച്ചത്. ആദ്യമുണ്ടായ ശര്‍ക്കര ക്ഷാമത്തിന് പിന്നാലെയാണ് ഇപ്പോൾ കണ്ടെയ്‌നര്‍ ക്ഷാമവും ഭക്തരെ നിരാശരാക്കുന്നത്. ഭക്തർക്ക് ആവശ്യാനുസരണം അരവണ ലഭിക്കാത്തത് വരുമാനത്തിലും കുറവ് വരുത്തുമെന്നാണ് കരുതുന്നത്.
ALSO READ: ശബരിമല മകരവിളക്ക് : തിരക്ക് നിയന്ത്രിക്കാൻ നടപടികളെന്തെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
അതേസമയം ജനുവരി 15-നാണ് മകര വിളക്ക്. തിരക്കു കണക്കിലെടുത്ത് മകരവിളക്ക് ദിവസവും അതിന് തലേ ദിവസവും വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി 10 മുതല്‍ ബുക്കിങ് ഇല്ലാതെ എത്തുന്നവര്‍ക്കുള്ള സ്‌പോട്ട് ബുക്കിങ് ഉണ്ടായിരിക്കില്ല. വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇല്ലാത്തവര്‍ 10 മുതല്‍ 15 വരെ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അഭ്യര്‍ഥിച്ചിരുന്നു.
ജനുവരി 14-ന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് 50,000 ആയും 15-ന് 40,000 ആയും പരിമിതപ്പെടുത്താന്‍ തീരുമാനിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് അറിയിച്ചിരുന്നു.