പത്തനംതിട്ട : കെഎസ്ഇബി ലിമിറ്റഡിന്‍റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് ഡാമിൽ റെഡ് അലര്‍ട്ട്. റിസര്‍വോയറിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്‌ത മഴയുടെ ഫലമായും റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായ സാഹചര്യത്തിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
റിസര്‍വോയറിന്‍റെ അനുവദനീയമായ പരമാവധി ശേഷിയിലേക്ക് ജലനിരപ്പ് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. റിസര്‍വോയറിന്‍റെ പരമാവധി ശേഷി 981.46 മീറ്ററാണ്. എന്നാല്‍ 2021 ഒക്ടോബര്‍ 21 മുതല്‍ 31 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 979.84 മീറ്റര്‍ ആണ്.
കക്കി-ആനത്തോട് റിസര്‍വോയറില്‍ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 977.84 മീറ്റര്‍, 978.84 മീറ്റര്‍, 979.34 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇന്ന് റിസർവോയറിൽ ജലനിരപ്പ് 979.34 മീറ്റര്‍ എത്തിയതിനാല്‍ കെ.എസ്.ഇ.ബി അണക്കെട്ട് സുരക്ഷാവിഭാഗമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
പമ്പാ തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം
റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്‍റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജില്ല കലക്‌ടറും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ റിസര്‍വോയറില്‍ നിന്നും നിയന്ത്രിത അളവില്‍ ജലം തുറന്നുവിടുമെന്നും കലക്‌ടർ കൂട്ടിച്ചേർത്തു.
ALSO READ : ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് ; ഔദ്യോഗിക പ്രഖ്യാപനം 29ന്
നദികളുടെ തീരത്ത് താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം. നദികളില്‍ ഇറങ്ങുന്നത് ഏത് സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണ്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും ആവശ്യമെങ്കില്‍ അധികൃതര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറേണ്ടതാണെന്നും അധികൃതർ അറിയിച്ചു.