പത്തനംതിട്ട : ബിലീവേഴ്‌സ് ചർച്ചിന്‍റെ തിരുവല്ലയിലെ സഭാ ആസ്ഥാനത്തും ബിലീവേഴ്‌സ് മെഡിക്കൽ കോളജ് ആശുപത്രിയിലുമായി എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെയും ആദായനികുതി വിഭാഗത്തിന്‍റെയും നേതൃത്വത്തിൽ കഴിഞ്ഞ നാല് ദിവസമായി തുടർന്നിരുന്ന റെയ്‌ഡ് അവസാനിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് പരിശോധകൾ പൂർത്തിയാക്കി സംഘം മടങ്ങിയത്.
സഭയുടെ ഉന്നത പദവി വഹിക്കുന്നവരിൽ നിന്നും ഇന്നലെ മൊഴിയെടുത്തിരുന്നു. ഭൂമിയിടപാട് അടക്കമുള്ള ചില രേഖകളും ലാപ് ടോപ്പുകളും മൊബൈൽ ഫോണുകളും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കൊച്ചിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായി നാളെ കൊച്ചിയിലെ ഓഫീസിലെത്താൻ സഭയിലെ ഉന്നതരായ രണ്ട് പേരോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി നടത്തിയ റെയ്‌ഡിൽ രണ്ട് കോടി രൂപയുടെ നിരോധിത നോട്ടടക്കം പതിനഞ്ചര കോടി രൂപ സഭാ ആസ്ഥാനത്ത് നിന്നും സഭയുടെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നുമായി പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ വിദേശ രാജ്യങ്ങളിൽ നിന്നും പിരിച്ച കണക്കിൽപ്പെടാത്ത 6000 കോടി രൂപ ബിലീവേഴ്സ് ചർച്ച് രാജ്യത്ത് എത്തിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.