പത്തനംതിട്ട: പഠനത്തിനൊപ്പം കൃഷിക്കും പ്രധാന്യം നല്‍കി പൂഴിക്കാട് ഗവ.യു.പി.സ്‌കൂള്‍. വിദ്യാര്‍ഥികള്‍ക്ക് കൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുയാണ് ലക്ഷ്യമെന്ന് പ്രധാനാധ്യാപിക വിജയലക്ഷ്‌മി പറഞ്ഞു.'മണ്ണിനെ അറിയുക കൃഷിയിലേക്ക് മടങ്ങുക'എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചാണ് പ്രവര്‍ത്തനം. വിദ്യാര്‍ഥികളെയും അധ്യാപകരെയും അഞ്ച് ഹൗസുകളായി തിരിച്ചാണ് കൃഷിയും പരിപാലനവും നടത്തി വരുന്നത്.
സീസണല്‍ വിളകളായ കോളിഫ്‌ളവര്‍, കാബേജ്, തക്കാളി, പടവലം, വെണ്ട, ചീര എന്നിവയാണ് ഇവിടുത്തെ പ്രധാന വിളകള്‍. ചാണകപ്പൊടിയും കടലപ്പിണ്ണാക്കുമാണ് വളമായി ഉപയോഗിക്കുന്നത്. കൃഷി ചെയ്‌തുണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാണ് സ്‌കൂളില്‍ ഉച്ച ഭക്ഷണം ഉണ്ടാക്കുന്നതെന്നും ഇത് വിദ്യര്‍ഥികള്‍ക്ക് വിഷരഹിത ഭക്ഷണം നല്‍കാന്‍ സഹായിക്കുന്നുവെന്നും വിജയലക്ഷ്‌മി പറഞ്ഞു. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ നെല്‍ കൃഷിയും നടത്തിയിരുന്നു.