ശബരിമല: ശബരിമല തീർത്ഥാടന കാലത്ത് വിസ്മരിക്കാനാവാത്ത സേവനം കാഴ്ചവയ്ക്കുന്നവരാണ് സന്നിധാനത്തെ പൊലീസുകാർ. അയ്യനെ ഒരു നോക്ക് കാണാൻ വ്രതം നോറ്റ് എത്തുന്ന അയ്യപ്പൻമാർക്ക് സുരക്ഷിതവും സുഗമവുമായ ദർശനം സാധ്യമാക്കുന്നത് രാവും പകലും ഇല്ലാതെയുള്ള ഇവരുടെ പ്രവർത്തനങ്ങൾ തന്നെയാണ്. കൂട്ടത്തില്‍ പതിനെട്ടാം പടിയിൽ സേവനം ചെയ്യുന്ന പൊലീസുകാരുടെ പങ്ക് വലുതാണ്.
ഒരു മിനിട്ടില്‍ 80 മുതല്‍ 85 വരെ ഭക്തരാണ് ഇരുമുടിക്കെട്ടേന്തി പതിനെട്ടാം പടി ചവിട്ടുന്നത്. ഇവരെ സുരക്ഷിതമായി ഭഗവാന്റെ തിരുമുറ്റത്തെത്തിക്കുന്ന ചുമതല ഈ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ്. മുപ്പതു പേരടങ്ങുന്ന സംഘത്തിനാണ് പതിനെട്ടാം പടിയിലെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷാ ചുമതല. പത്തുപേരടങ്ങുന്ന മൂന്ന് ടീമുകളായി ഇരുപതു മിനിറ്റു വീതമുള്ള ടേണുകളായാണ് ഇവരുടെ പ്രവര്‍ത്തനം. കൈയ്യില്‍ ലാത്തിയും തോക്കുമില്ലാതെ 'സ്വാമി' എന്ന രണ്ടക്ഷര 'ആയുധം' കൊണ്ട് മാത്രം അയ്യപ്പന്മാരെ കൃത്യമായി നിയന്ത്രിച്ച് സദാ സേവനം ചെയ്യുകയാണ് ഇവര്‍.