പത്തനംതിട്ട: പൊലീസ് യൂണിഫോമിൽ മിന്നൽ വേഗത്തിൽ നഞ്ചക്ക് ചുഴറ്റിയുള്ള സാജന്‍റെ അഭ്യാസ മുറകൾ കണ്ടാൽ സിനിമയിലെ സൂപ്പർ താരങ്ങളെ ഓർമവരും. ഇത് ഒറിജിനൽ പൊലീസാണ്. പേര് സാജൻ ഫിലിപ്പ്. പത്തനംതിട്ട ജില്ലയിലെ ഏനാത്ത് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് കൊല്ലം കുന്നത്തൂർ സ്വദേശിയായ സാജൻ ഫിലിപ്പ്.
സമൂഹ മാധ്യമങ്ങളിൽ തരംഗമായി സാജൻ
സമൂഹ മാധ്യമത്തിൽ താരമായി മാറിയ സാജന്‍റെ നഞ്ചക്ക് വീഡിയോ ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ സിനിമയുടെ സംവിധായകൻ വിഷ്‌ണു മോഹനും കണ്ടു. നഞ്ചക്ക് അഭ്യാസത്തിൽ സാജൻ നടത്തിയ അസാധ്യ പ്രകടനം ഇഷ്ടമായ സംവിധായകൻ തന്‍റെ അടുത്ത പടത്തിൽ സാജന് അവസരം വാഗ്‌ദാനം ചെയ്യുകയായിരുന്നു.
മക്കളെ പരിശീലിപ്പിക്കുന്നതിനായി വാങ്ങിയ നഞ്ചക്ക് ഏനാത്ത് സ്റ്റേഷനിലെ സഹപ്രവർത്തകരായ പൊലീസുകാർ കാണുകയും സാജന്‍റെ പ്രകടനം കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയുമായിരുന്നു.
ഡ്യൂട്ടി കഴിഞ്ഞു സാജൻ അവർക്ക് വേണ്ടി നഞ്ചക്ക് ചുഴറ്റി. ഇത് ഒരാൾ മൊബൈലിൽ ഷൂട്ട് ചെയ്‌ത് പൊലീസുകാർ ഉൾപ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്‌തു. നിരവധി പേർ വീഡിയോ ഷെയർ ചെയ്‌തതോടെ ചുരുങ്ങിയ സമയം കൊണ്ടു കാൽ കോടിയിലധികം പേർ വിഡീയോ കണ്ടു.
1999ൽ ബ്ലാക്ക് ബെൽറ്റ്; 2003ൽ പൊലീസ് ജോലി
കുന്നത്തൂർ ഏഴാംമൈൽ ജോർജ് മാഷിൽ നിന്നുമാണ് സാജൻ ആയോധന കല അഭ്യസിച്ചു തുടങ്ങിയത്. പിന്നീട് ക്യോഷി ഗോപകുമാറിന്‍റെ ശിക്ഷണത്തിലായി പഠനം. 1999 ലാണ് സാജന് കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് ലഭിക്കുന്നത്. കരാട്ടെ പരിശീലകനായി ജോലി ചെയ്യുമ്പോഴാണ് 2003ല്‍ പൊലീസിൽ ജോലി ലഭിക്കുന്നത്.
നഞ്ചക്ക് ചെറിയ കളിയല്ല
ഒരു ചെറിയ ചങ്ങലയുടെ രണ്ടറ്റത്തും തുല്യ നീളത്തിലുള്ള ലോഹ ദണ്ഡുകൾ ഘടിപ്പച്ച ആയുധമാണ് നഞ്ചക്ക്. മാരക പ്രഹര ശേഷിയുള്ള നഞ്ചക്ക് ഉപയോഗിക്കാൻ പ്രത്യേക പരിശീലനം ആവശ്യമാണ്.
13ൽ അധികം തവണ ഗുഡ്‌സ് സർവീസ് എൻട്രി
അൻപതോളം കേസുകളിലുൾപ്പെട്ട മൂന്ന് പ്രതികളെ പിടികൂടാൻ നേതൃത്വം നൽകിയതിന് 2005ൽ ഐജിയിൽ നിന്നും സാജന് റിവാർഡും വിവിധ കേസുകളിലെ മികച്ച സേവനത്തിന് 13 ല്‍ അധികം തവണ ഗുഡ് സർവീസ് എൻട്രിയും സാജന് ലഭിച്ചിട്ടുണ്ട്.
ALSO READ: മുഴുവന്‍ അതിഥി തൊഴിലാളികൾക്കും വാക്‌സിൻ ; ഇടുക്കി അതിർത്തിയിൽ പരിശോധന ശക്തമാക്കും