പത്തനംതിട്ട: ജോസ് പക്ഷം നടത്തിയ വിപ്പ് ലംഘനത്തിനെതിരെ തിങ്കളാഴ്ച സ്പീക്കർക്ക് പരാതി നൽകുമെന്ന് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് പറഞ്ഞു. രണ്ടില ചിഹ്നം സംബന്ധിച്ച് തൊടുപുഴ കോടതിയിൽ നിലനിൽക്കുന്ന കേസ് ഒന്നാം തിയതി കോടതി പരിഗണിക്കുമെന്നും കേസിൽ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പി.ജെ ജോസഫ് പറഞ്ഞു. യഥാർത്ഥ കേരളാ കോൺഗ്രസ് തങ്ങളാണെന്നത് തെളിയിക്കപ്പെട്ടു കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എം മാണിയെ അത്യന്തം അധിക്ഷേപിച്ച പാർട്ടിയിലേക്കും മുന്നണിയിലേക്കും പോകാനുള്ള ജോസ് പക്ഷത്തിന്റെ തീരുമാനം യഥാർത്ഥ കേരളാ കോൺഗ്രസ് പ്രവർത്തകർക്കും പാർട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കൾക്കും അംഗീകരിക്കാനാവില്ലെന്നും പി.ജെ ജോസഫ് അഭിപ്രായപ്പെട്ടു. കേരളാ കോൺഗ്രസ് നേതാക്കളും എം.എൽ.എമാരുമായിരുന്ന ഇ ജോൺ ജേക്കബ്, മാമ്മൻ മത്തായി എന്നിവരുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പിജെ ജോസഫ്.