പത്തനംതിട്ട: പെരിങ്ങര പഞ്ചായത്തില്‍ 10,11,12 വാര്‍ഡുകളിൽ വെള്ളക്കെട്ട് ഒഴിവാക്കാനായി എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 39 ലക്ഷം രൂപയുടെ ഫണ്ട് ഭരണാനുമതി കാത്ത് രണ്ടര മാസക്കാലത്തിലേറെയായി കലക്ടറേറ്റിൽ. തൂമ്പ് പുനഃസ്ഥാപിക്കല്‍, വാച്ചാല്‍ നവീകരണം, തുടങ്ങിയവ ഉള്‍പ്പെട്ട വിവിധ പദ്ധതികളാണ് നടപ്പാക്കേണ്ടത്. നെന്മേലിൽ പടി മുതൽ മാണിക്കത്തടി പാടം വരെയുള്ള ഭാഗത്തെ വാച്ചാൽ തോടുകൾ നാലടി വീതിയിൽ പുനഃസ്ഥാപിക്കുന്നതിനും പണിക്കോട്ടിൽപ്പടി, മറിയപ്പള്ളിപ്പടി എന്നിവിടങ്ങളിൽ തൂമ്പുകൾ പുനഃസ്ഥാപിക്കുന്നതിനുമുള്ള പണികൾക്കാണ് മാത്യു ടി.തോമസ് എംഎൽഎയുടെ ഫണ്ടിൽ നിന്ന് 39 ലക്ഷം രൂപ അനുവദിച്ചത്. ഭരണാനുമതിക്കായി മാർച്ച് മാസം 19നാണ് മൈനർ ഇറിഗേഷൻ വകുപ്പ് പദ്ധതിയുടെ ഫയൽ കലക്ടർക്ക് കൈമാറിയത്. കലക്ട്രേറ്റിൽ നിന്നുള്ള ഭരണാനുമതി ലഭിച്ചാൽ മാത്രമേ ടെന്ററിങ് അടക്കമുള്ള നടപടികളിലേക്ക് ഇറിഗേഷൻ വകുപ്പിന് കടക്കാനാകൂ.
ചെന്നക്കാട്ടുപടി, ആലുംമൂട്ടില്‍ പടി, മൂന്നൊന്നില്‍ പടി, പെരിഞ്ചാത്തറ പടി, തുണ്ടില്‍പറമ്പില്‍ പടി, തൈപ്പറമ്പില്‍ പടി എന്നീ കലുങ്കുകളിലൂടെയാണ് വാച്ചാൽ തോട് ഒഴുകുന്നത്. ചെന്നക്കാട്ടുപടി കലുങ്കിനും ആലുംമൂട്ടില്‍ പടി കലുങ്കിനും ഇടയില്‍ വീടുകളിലേക്കുള്ള വഴിക്ക് വേണ്ടി തോട് നികത്തിയ സ്ഥിതിയിലാണ്. ആലുംമൂട്ടില്‍ പടി കലുങ്കിനും മൂന്നൊന്നില്‍ പടി കലുങ്കിനും ഇടയില്‍ തോട് നിലവിലുണ്ട്. എന്നാല്‍ മൂന്നൊന്നില്‍ പടി കലുങ്കിനും പെരിഞ്ചാത്തറ പടി കലുങ്കിനും ഇടയില്‍ തോട് പല ഭാഗങ്ങളിലായി നികത്തിയിട്ടുണ്ട്.
പെരിഞ്ചാത്തറ പടി കലുങ്കിനും തുണ്ടില്‍പറമ്പില്‍ പടി കലുങ്കിനും ഇടയിലുള്ള ഭാഗം മാണിക്കത്തടി-കൂരച്ചാല്‍ പാടശേഖരത്തിലൂടെ കടന്നുപോകുന്നത്. നികത്തിയ ഭാഗങ്ങളിൽ തോട് വീണ്ടെടുത്ത്, തൂമ്പുകൾ പുനഃസ്ഥാപിച്ച് വാച്ചാൽ തോട്ടിലൂടെയുള്ള നീരൊഴുക്ക് പൂർവ്വ സ്ഥിതിയാക്കിയാൽ മാത്രമേ പഞ്ചായത്ത് പടിയിലടക്കം പതിവാകുന്ന വെള്ളക്കെട്ടിനും വെള്ളപ്പൊക്ക ഭീഷണിക്കും പരിഹാരം കാണാനാവൂ.
2018 ലെ മഹാപ്രളയം ഏറ്റവുമധികം ബാധിച്ച മേഖല കൂടിയാണ് പെരിങ്ങര. ഓഗസ്റ്റ് മാസത്തിൽ വലിയ വെള്ളെപ്പൊക്കമുണ്ടായേക്കാമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നൽകിയിരിക്കുന്ന സാഹചര്യത്തിൽ വാച്ചാലുകൾ പുനഃസ്ഥാപിക്കാനെടുക്കുന്ന കാലതാമസം പ്രദേശത്തെ ജനങ്ങളിൽ പ്രളയ ഭീതി വർധിപ്പിച്ചിട്ടുണ്ട്.