പത്തനംതിട്ട: റോഡിലൂടെ നടന്ന് പോയ പെണ്‍കുട്ടിക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ മാരക പരിക്ക്. റാന്നി പെരുനാട് മന്ദപ്പുഴ സ്വദേശിയായ അഭിരാമിക്ക് (12) നേരെയാണ് തെരുവ് നായ ആക്രമണം ഉണ്ടായത്. ഇന്നലെ (13.08.2022) രാവിലെ കാര്‍മല്‍ എഞ്ചിനീയറിങ് കോളജ് റോഡില്‍ വച്ചാണ് സംഭവം.
പാൽ വാങ്ങാനായി റോഡിലൂടെ നടന്നു പോകുമ്പോൾ പിന്നാലെ എത്തിയ തെരുവുനായ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. ആദ്യം അഭിരാമിയുടെ കാലുകളിലാണ് നായ കടിച്ചത്. കടിയേറ്റ് താഴെ വീണ കുട്ടിയെ നായ വീണ്ടും ആക്രമിക്കുകയായിരുന്നു. നാട്ടുകാരാണ് അഭിരാമിയെ തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ചത്.
കണ്ണില്‍ ഉള്‍പ്പടെ ശരീരത്തിന്‍റെ ഏഴോളം ഭാഗങ്ങളില്‍ പരിക്കേറ്റ പെണ്‍കുട്ടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ കണ്ണിനേറ്റ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതിന്‍റെ അടിസ്ഥാനത്തില്‍ കണ്ണിന്‍റെ വിദഗ്‌ധ ചികിത്സയ്‌ക്കായി കണ്ണാശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതര്‍ വ്യക്തമാക്കി.