പത്തനംതിട്ട: പമ്പ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ 30 സെന്‍റിമീറ്റര്‍ വീതം ഉയര്‍ത്തി 25 ക്യുമെക്‌സ് ജലം പമ്പ നദിയിലേക്ക് ഒഴുക്കി തുടങ്ങി. ഇന്ന് (08.08.22) വൈകുന്നേരം നാലിന് ശേഷമാണ് ഷട്ടറുകള്‍ തുറന്നത്. ആവശ്യമെങ്കില്‍ ഇരു ഷട്ടറുകളും 60 സെന്‍റിമീറ്റര്‍ വരെ ഉയര്‍ത്തി പരമാവധി 50 ക്യുമെക്‌സ് ജലം പുറത്തേക്ക് ഒഴുക്കും.
ജനവാസ മേഖലകളില്‍ പരമാവധി 10 സെന്‍റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പാനദിയിലേക്കാണ് വെള്ളം ഒഴുക്കി വിടുക. ഇതിന് ജില്ല കലക്‌ടറും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കി. ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന ജലം പമ്പ നദിയിലൂടെ ഏകദേശം ആറു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയിലും 12 മണിക്കൂറുകള്‍ക്ക് ശേഷം റാന്നിയിലും എത്തിച്ചേരും.
പമ്പ നദിയിലെ ജലനിരപ്പ് ജലസേചന വകുപ്പ് തുടര്‍ച്ചയായി വീക്ഷിക്കും. നദീ തീരത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്‌മെന്‍റ് മുഖേന പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കും. അപകട സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന എല്ലാ ആളുകളെയും ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട തഹസീല്‍ദാര്‍മാരെയും വില്ലേജ് ഓഫിസര്‍മാരെയും പഞ്ചായത്ത് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി.
വനത്തില്‍ അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസറെയും പട്ടികജാതി പട്ടികവര്‍ഗ വികസന ഓഫിസറെയും ചുമതലപ്പെടുത്തി.
കക്കി-ആനത്തോട് ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു: കക്കി-ആനത്തോട് ഡാമിന്റെ നാലു ഷട്ടറുകള്‍ ഇന്ന് രാവിലെ 11 ന് തുറന്നു. ഷട്ടര്‍ രണ്ടാണ് ആദ്യം തുറന്നത്. തുടര്‍ന്ന് 11.10ന് മൂന്ന്, 12.45ന് നാല്, ഉച്ചയ്ക്ക് ഒന്നിന് ഷട്ടര്‍ ഒന്നും ഘട്ടം ഘട്ടമായി തുറന്നു.
60 സെന്‍റിമീറ്ററാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുള്ളത്. നിലവില്‍ 72 ക്യുമെക്‌സ് ജലമാണ് പമ്പ നദിയിലേക്ക് ഒഴുക്കി വിടുന്നത്.