പത്തനംതിട്ട: ഉള്ളു പിടയുന്ന വേദനകൾക്കു നടുവിലായിരുന്നു ഉണ്ണിക്കുട്ടന്‍റെ ജീവിതം. പതിനാറു വയസ് കഴിഞ്ഞെങ്കിലും ഒരു കുഞ്ഞിനെ പോലെ കരുതൽ നൽകി അച്ഛനുമമ്മയും സഹോദരനും ഉണ്ണിക്കുട്ടനൊപ്പമുണ്ടാകും. കാരണം ഉണ്ണിക്കുട്ടൻ വീഴാൻ പാടില്ല. എവിടെയെങ്കിലും ഒന്നു തട്ടി വീണാൽ ശരീരത്തിലെ എല്ലുകൾ പൊട്ടും. പിന്നെ അതു ഭേദമാകും വരെ കഠിന വേദനയുടെ നാളുകളാകും.
ഓസ്റ്റിയോ ജെനസിസ് ഇംപെർഫെക്ട്
വേദനകൾക്ക് നടുവിലിരുന്ന് ഉണ്ണിക്കുട്ടൻ പഠിച്ചു നേടിയത്, പത്താം ക്ലാസ്സിൽ എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ്. കൊടുമൺ അങ്ങാടിക്കൽ പാണുർ പ്ലാംങ്കുട്ടത്തിൽ വീട്ടിൽ പ്രദീപ് -ഇന്ദു ദമ്പതികളുടെ രണ്ടാമത്തെ മകനാണ് പാർഥ്വിവ് എന്ന ഉണ്ണിക്കുട്ടൻ. അങ്ങാടിക്കൽ എസ്എൻവി സ്കൂളിലാണ് പഠനം. ഓസ്റ്റിയോ ജെനസിസ് ഇംപെർഫെക്ട് എന്ന അപൂർവ്വ രോഗമാണ് ഉണ്ണികുട്ടന്. ശരീരത്തിലെ അസ്ഥികൾക്ക് ജന്മനാ ബലക്ഷയം ഉണ്ടാകുന്ന അവസ്ഥ.
ഈ പ്രായത്തിനിടയിൽ നിരവധി തവണ വീണു. എല്ലുകൾ നുറുങ്ങി. എട്ടോളം ശസ്ത്രക്രിയകൾ. വേദനയുടെ ലോകത്തു പഠിച്ച ഉണ്ണികുട്ടന് ആഗ്രഹം ഡോക്ടർ ആകണം എന്നതാണ്. സങ്കടങ്ങളോട് കൂട്ടുകൂടാൻ ഉണ്ണിക്കുട്ടനിഷ്ടമില്ല. പാട്ടും ചിത്രരചനയും എഴുത്തുമൊക്കെയാണ് ഉണ്ണികുട്ടന്‍റെ കൂട്ടുകാർ.
വരകളിലൂടെ വർണങ്ങൾ തീർത്ത്
മനോഹരമായ ചിത്രങ്ങൾ വരയ്ക്കും. പാട്ടുകൾ പാടും. ഇരു കൈകൊണ്ടും ഒരേ സമയം രണ്ടു ചിത്രങ്ങൾ വരയ്ക്കും. രണ്ടു കയ്യിലും പേന പിടിച്ച് വാക്കുകൾ നേരെയും തിരിച്ചും വേഗത്തിൽ എഴുതി വിസ്മയിപ്പിക്കും. പഠനത്തിലും കലയിലുമെല്ലാം നിരവധി അവാർഡുകളും ഉണ്ണിക്കുട്ടൻ സ്വന്തമാക്കി.
വരച്ച ചിത്രങ്ങൾ എല്ലാം ചേർത്ത് ഒരു ചിത്ര പ്രദർശനം നടത്തണമെന്നതും ഉണ്ണികുട്ടന്‍റെ ആഗ്രഹമാണ്. ജനിച്ച നാൾ മുതൽ നടത്തിയ ചികിത്സയുടെ ഫലമായി ഇപ്പോൾ മകന് നേരിയ ആശ്വാസമുണ്ടെന്നും എന്നാലും വലിയ വീഴ്ചകൾ പാടില്ലെന്നും അമ്മ ഇന്ദു പറഞ്ഞു.
ശാരീരിക അവശതകളെയെല്ലാം തോൽപ്പിച്ച് പത്താം ക്ലാസിൽ ഫുൾ ഏ പ്ലസ് വാങ്ങിയെങ്കിൽ, ആഗ്രഹം പോലെ ഉണ്ണിക്കുട്ടൻ ഡോക്ടറുമാകുമെന്ന് അവനെ ഏറെ സ്നേഹിക്കുന്ന അധ്യാപകരും നാട്ടുകാരും പറയുന്നു. അപൂർവ്വ രോഗം ഉണ്ണികുട്ടന്‍റെ ശാരീരിക വളർച്ചയെയും സാരമായി പിടിമുറുക്കി.
അവന്‍റെ കഴിവുകളാണ് തങ്ങളുടെ സന്തോഷമെന്ന് മാതാപിതാക്കളും സഹോദരൻ പ്രണവും പറയുന്നു. അസ്ഥി നുറുങ്ങുന്ന വേദന ഉണ്ണിക്കുട്ടൻ സഹിക്കും. പക്ഷെ തന്നെ ഓർത്ത് അമ്മയുടെ കണ്ണു നിറയുന്നത് മാത്രം സഹിക്കാനാവില്ല ആ കൗമാര മനസ്സിന്.
also read: ഹാസ്യ നടൻ കെ.ടി.എസ് പടന്നയില്‍ അന്തരിച്ചു