പത്തനംതിട്ട: പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകാന്‍ സാധ്യതയുള്ള ജില്ലയിലെ 44 പ്രദേശങ്ങളില്‍ നിന്നും ആവശ്യമെങ്കില്‍ ജനങ്ങളെ അടിയന്തരമായി മാറ്റിപാര്‍പ്പിക്കാന്‍ ഉത്തരവ്. ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അത്തരം സാഹചര്യമുണ്ടായാൽ ജനങ്ങളെ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കാനാണ് ബന്ധപ്പെട്ടവര്‍ക്ക് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സൺ കൂടിയായ ജില്ല കലക്ടർ ഉത്തരവ് നൽകിയത്.
ALSO READ: സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോന്നി, റാന്നി, കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലാണ് പത്തനംതിട്ട ജില്ലയില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കൂടുതലുള്ള പ്രദേശങ്ങളുള്ളത്. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്‌ദ സമിതിയും ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.