പത്തനംതിട്ട : പത്തനംതിട്ട നഗരത്തിൽ സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റില്‍ തലകീഴായി കുടുങ്ങി കിടന്ന വയോധികയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചിറ്റാര്‍ അണപ്പാറ വലിയപറമ്പിൽ റിട്ട. അധ്യാപിക മറിയാമ്മ തോമസാണ് (60) അരമണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങിയത്. തിങ്കളാഴ്‌ച ഉച്ചയോടെയാണ് സംഭവം.
പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ മറിയാമ്മയെ കണ്ണ് പരിശോധനയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. ശേഷം മറിയാമ്മ ലിഫ്റ്റിൽ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ കാല്‍ തെറ്റി തലകീഴായി വീണ് ലിഫ്റ്റിനും ചുമരിനുമിടയില്‍ കുടുങ്ങുകയായിരുന്നു. കുറച്ചുദൂരം താഴേക്ക് നീങ്ങിയ ശേഷം ലിഫ്‌റ്റിന്‍റെ പ്രവര്‍ത്തനം നിലച്ചു.
ലിഫ്‌റ്റിന് ഓപ്പറേറ്റര്‍ ഇല്ലായിരുന്നു. രോഗിയുമായി ആശുപത്രിയില്‍ എത്തിയ ഓട്ടോ ഡ്രൈവറായ കോന്നി സ്വദേശി കെ ബിന്നില്‍ ലിഫ്‌റ്റിന്‍റെ വിടവിലൂടെ അകത്ത് കയറി താഴെ വീഴാതെ അരമണിക്കൂറോളം മറിയാമ്മയെ താങ്ങിപ്പിടിക്കുകയായിരുന്നു.വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പത്തനംതിട്ട അഗ്നിരക്ഷസേനയുടെ പരിശ്രമത്തിനൊടുവിലാണ് വയോധികയെ പുറത്തെത്തിക്കാനായത്. ജില്ല ഫയര്‍ ഓഫിസര്‍ പ്രതാപ ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.