പത്തനംതിട്ട: ജില്ലയിൽ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന നടത്തി. മത്സര രംഗത്ത് 39 സ്ഥാനാർഥികൾ. തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ 87 പത്രികകളാണ് സൂക്ഷ്മപരിശോധന നടത്തിയത്. ഇതില്‍ 39 സ്ഥാനാര്‍ഥികളാണ് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടിയത്. അതത് നിയോജക മണ്ഡലങ്ങളിലെ വരണാധികാരികളുടെ നേതൃത്വത്തിലാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തിയത്.
റാന്നി, ആറന്മുള മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മത്സരരംഗത്തുള്ളത്. ഒന്‍പത് സ്ഥാനാര്‍ഥികളുടെ പത്രികകളാണ് മത്സരിക്കാന്‍ യോഗ്യത നേടിയത്. കോന്നി നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ് മത്സരാര്‍ഥികള്‍ ഉള്ളത്. ആറ് പേരാണ് മത്സരിക്കാന്‍ യോഗ്യത നേടിയത്. തിരുവല്ലയില്‍ 18 പത്രികകള്‍ ലഭിച്ചതില്‍ എട്ട് പത്രികകള്‍ സ്വീകരിക്കുകയും 10 പത്രികകള്‍ തള്ളിപ്പോകുകയും ചെയ്തു. എട്ട് സ്ഥാനാര്‍ഥികള്‍ മത്സരിക്കാന്‍ യോഗ്യത നേടി. റാന്നി മണ്ഡലത്തില്‍ 20 പത്രികകള്‍ ലഭിച്ചതില്‍ 17 പത്രികകള്‍ സ്വീകരിക്കുകയും മൂന്ന് പത്രികകള്‍ തള്ളിപ്പോകുകയും ചെയ്തു. ഇവിടെ 11 സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയതില്‍ ഒന്‍പത് പേരുടെ പത്രികകള്‍ സ്വീകരിക്കുകയും രണ്ടു പേരുടെ പത്രിക തള്ളിപ്പോകുകയും ചെയ്തു.
ആറന്മുള മണ്ഡലത്തില്‍ 15 പത്രികകളാണ് സൂക്ഷ്മപരിശോധനയ്ക്കായി ലഭിച്ചത്. ഒന്‍പത് സ്ഥാനാര്‍ഥികള്‍ മത്സരിക്കാന്‍ യോഗ്യതനേടുകയും രണ്ട് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിപ്പോകുകയും ചെയ്തു. കോന്നി മണ്ഡലത്തില്‍ 16 പത്രികകള്‍ ലഭിച്ചു. ആറ് സ്ഥാനാര്‍ഥികള്‍ മത്സരിക്കാന്‍ യോഗ്യത നേടുകയും രണ്ട് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിപ്പോകുകയും ചെയ്തു. അടൂര്‍ മണ്ഡലത്തില്‍ 18 പത്രികകള്‍ ലഭിച്ചതില്‍ ഏഴ് സ്ഥാനാര്‍ഥികള്‍ മത്സരിക്കാന്‍ യോഗ്യതനേടുകയും മൂന്ന് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിപ്പോകുകയും ചെയ്തു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി മാര്‍ച്ച് 22നാണ്. ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ്.