പത്തനംതിട്ട: ഏനാദിമംഗലത്ത് വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് പ്രതികള്‍ അറസ്റ്റില്‍. കുറുമ്പകര സ്വദേശികളായ ജിതിൻ, സജിത്, ഉന്മേഷ്, രതീഷ്, അൽ അമീൻ മാരൂർ സ്വദേശികളായ സുരേന്ദ്രൻ, സുധീഷ്, ശ്യാം, ശരത് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രതിയായ കുറുമ്പകര സ്വദേശി അനീഷിനെ തിങ്കളാഴ്‌ച പൊലീസ് പിടികൂടിയിരുന്നു.
ഏനാദിമംഗലം ചാങ്കൂര്‍ ഒഴുകുപാറ സ്വദേശിയായ സുജാത (64) കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് രാത്രി 10.30നാണ് കോസിനാസ്‌പദമായ സംഭവം. ബന്ധുക്കളുമായുണ്ടായ വഴിത്തര്‍ക്കമാണ് ആക്രമണത്തിന് കാരണം.
സുജാതയുടെ മക്കളായ സൂര്യലാൽ (24), ചന്ദ്രലാൽ (21) എന്നിവരെ ആക്രമിക്കാനാണ് പതിനഞ്ച് പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയത്. സംഭവ സമയത്ത് സുജാതയുടെ മക്കളായ സൂര്യലാലും ചന്ദ്രലാലും സ്ഥലത്തുണ്ടായിരുന്നില്ല. വീട് തല്ലി തകര്‍ക്കുകയും വീട്ടു ഉപകരണങ്ങള്‍ നശിപ്പിക്കുകയും കിണറ്റിലിടുകയും ചെയ്‌ത സംഘം കമ്പിവടി കൊണ്ട് സുജാതയുടെ തലയ്‌ക്ക് അടിക്കുകയും വളര്‍ത്ത് നായയെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്‌തു.
ആക്രമണത്തില്‍ സുജാതയ്‌ക്ക് തലച്ചോറിന് ക്ഷതമേല്‍ക്കുകയും വാരിയെല്ലുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ സുജാതയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സക്കിടെ തിങ്കളാഴ്‌ച സുജാത മരിക്കുകയായിരുന്നു.
ആക്രമണത്തിന് കാരണമായ സംഭവം: ബന്ധുക്കള്‍ തമ്മിലുള്ള വഴി തര്‍ക്കമാണ് ആക്രമണത്തിനും സുജാതയുടെ കൊലപാതകത്തിനും കാരണമായത്. ശനിയാഴ്‌ച വൈകിട്ട് ബന്ധുക്കള്‍ തമ്മില്‍ വഴി തര്‍ക്കമുണ്ടായപ്പോള്‍ അത് തീര്‍ക്കുന്നതിനായി സൂര്യലാലും സഹോദരന്‍ ചന്ദ്രലാലും അവിടെയെത്തിയിരുന്നു. വളര്‍ത്ത് നായയുമായാണ് ഇരുവരും സ്ഥലത്തെത്തിയത്.
തര്‍ക്കം നടക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന നാല് വയസുകാരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് നായയുടെ കടിയേറ്റിരുന്നു. ഇതിന്‍റെ പ്രതികാരമായിട്ടാണ് യുവാക്കള്‍ സംഘം ചേര്‍ന്ന് സുജാതയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത്. സൂര്യലാലും സഹോദരന്‍ ചന്ദ്രലാലും പൊലീസിന്‍റെ ഗുണ്ട ലിസ്റ്റില്‍പ്പെട്ടവരാണ്.
സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ കറവൂർ സന്യാസികോണിലുള്ള വീട്ടില്‍ പ്രതികള്‍ ഒളിച്ചിരിപ്പുണ്ടെന്ന് വിവരം ലഭിച്ചു. വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികള്‍ പുന്നല വനത്തിലേക്ക് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് അടൂരില്‍ നിന്ന് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ് പ്രതികള്‍ അറസ്റ്റിലായത്.
സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി അടൂർ ഡിവൈഎസ്‌പി ആർ ബിനു പറഞ്ഞു. പ്രതികളെ ഒളിവിൽ താമസിപ്പിച്ചവർക്കെതിരെയും നടപടിയുണ്ടാകും. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് ജില്ല പൊലീസ് മേധാവി നിർദേശം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നൽകി.
അടൂർ ഡിവൈഎസ്‌പി ആർ ബിനുവിന്‍റെ മേൽനോട്ടത്തിൽ അടൂർ പൊലീസ് ഇൻസ്‌പെക്‌ടര്‍ പ്രജീഷ് ടിഡി, അടൂർ സബ് ഇൻസ്‌പെക്‌ടര്‍മാരായ വിപിൻ കുമാർ, മനീഷ് എം, ധന്യ കെഎസ് , ജലാലുദ്ദീൻ റാവുത്തർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അജിത്ത്, രാജേഷ് ചെറിയാൻ, സൂരജ് ആർ കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
also read: കാപ്പ കേസ് പ്രതിയുടെ അമ്മയെ വീട് കയറി ആക്രമിച്ചു, ചികിത്സയിലിരിക്കെ മരണം