പത്തനംതിട്ട: ശബരിമല തീര്‍ഥാടന കാലത്ത് നിലയ്ക്കലില്‍ അന്നദാനത്തിന്‍റെ മറവില്‍ ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ദേവസ്വം ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്‌തു. നിലയ്‌ക്കല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ജയപ്രകാശിനെയാണ് സസ്‌പെന്‍റ് ചെയ്‌തത്. നിലയ്‌ക്കലില്‍ അന്നദാനത്തിന്‍റെ മറവിലാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്.
30 ലക്ഷം ചെലവാക്കിയ അന്നദാനത്തിന്‍റെ മറവില്‍ ഏകദേശം ഒന്നരക്കോടിയുടെ ബില്ലാണ് ഇയാള്‍ എടുത്തത്. കൊല്ലത്തെ ജെപി ട്രേഡേഴ്‌സ് എന്ന സ്ഥാപനമാണ് അന്നദാനത്തിനായുള്ള പച്ചക്കറിയും പലവ്യഞ്ജനങ്ങളും നല്‍കാന്‍ കരാറെടുത്തത്. തീർഥാടനകാലം കഴിഞ്ഞശേഷം 30,00,900 രൂപയുടെ ബില്ലാണ് കമ്പനി ഉടമ ദേവസ്വം ബോര്‍ഡിന് നല്‍കിയത്. ഇതില്‍ എട്ടു ലക്ഷം ആദ്യം കരാറുകാരന് നല്‍കിയിരുന്നു. ബാക്കി തുക നല്‍കണമെങ്കില്‍ ക്രമക്കേടിന് കൂട്ട് നില്‍ക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു. ഇതോടെയാണ് കരാറുകാരന്‍ ദേവസ്വം വിജിലിന്‍സിനെ സമീപിച്ചത്. തുടർന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്.
വ്യാജരേഖകള്‍ ചമച്ച് ലക്ഷങ്ങള്‍ തട്ടാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഉദ്യോഗസ്ഥരുമായി അടുപ്പമുള്ള മറ്റൊരു സ്ഥാപനത്തിന്‍റെ മറവില്‍ അഴിമതിപ്പണം ഇയാള്‍ ബാങ്കില്‍ നിന്നും മാറ്റുകയും ചെയ്‌തു. ബാങ്കുവഴി നടന്ന തട്ടിപ്പ് കണ്ടെത്തിയതോടെ കൂടുതല്‍ പണം നല്‍കി പരാതി ഒത്തുതീര്‍ക്കാനും ശ്രമം നടത്തി. തുടര്‍ന്ന് അന്വേഷണം സംസ്ഥാന വിജിലന്‍സ് ഏറ്റെടുത്തു.
നിലയ്‌ക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായിരുന്ന ജയപ്രകാശ്, ജൂനിയര്‍ സൂപ്രണ്ടായിരുന്ന വാസുദേവന്‍ പോറ്റി, ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസര്‍മാരായിരുന്ന സുധീഷ് കുമാര്‍, രാജേന്ദ്രപ്രസാദ് എന്നിവരെ പ്രതിയാക്കി പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് കേസെടുത്തു. ഇതിന് പിന്നാലെയാണ് നിലയ്‌ക്കല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ജയപ്രകാശിനെ സസ്‌പെൻഡ് ചെയ്‌തത്.
ALSO READ: അർജുൻ ലാൽ സേഥി: രാജ്യ സ്വാതന്ത്ര്യത്തിനായി വിപ്ലവാവേശം വിതച്ച പോരാളി