പത്തനംതിട്ട: പന്തളം മാവേലിക്കര റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് റിട്ട. സംഗീത അധ്യാപകൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധുവിന് പരിക്കേറ്റു. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിലെ അധ്യാപകനായിരുന്ന ആലപ്പുഴ കറ്റാനം അമൃതവർഷിണി വീട്ടിൽ കെകെ ഓമനക്കുട്ടനാണ് (64) ദാരുണാന്ത്യം.
വിരമിച്ച ശേഷം നിലവില്‍, വെട്ടിക്കോട് സംഗീത സ്‌കൂൾ നടത്തിവരികയായിരുന്നു അദ്ദേഹം. ഒപ്പമുണ്ടായിരുന്ന ബന്ധു കുറത്തികാട് മേൽപ്പള്ളി വിജയഭവനത്തിൽ ചന്ദ്രനെ (58) പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്തളം മാവേലിക്കര റോഡിൽ മുടിയൂർക്കോണം ചെറുമല ജങ്‌ഷന് സമീപം ഞായറാഴ്‌ച നാലുമണിയോടെ ആയിരുന്നു അപകടം.
ആറന്മുള ക്ഷേത്രത്തിൽ ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. വിജയമ്മയാണ് ഭാര്യ, മക്കൾ: നീലാംബരി, നിഥിൻ.