പത്തനംതിട്ട: അന്തരിച്ച സംഗീത സംവിധായകൻ ആലപ്പി രംഗനാഥ് അവസാനമായി പങ്കെടുത്തത് ശബരിമല സന്നിധാനത്ത് നടന്ന ഹരിവരാസനം പുരസ്കാരം 2022 ഏറ്റുവാങ്ങൽ ചടങ്ങില്‍. 14ന് സന്നിധാനം നടപ്പന്തലിലെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ രാധാകൃഷ്‌ണനാണ് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചത്.
സംഗീതത്തിലൂടെ മനുഷ്യമനസിലെ നന്മ ഉണര്‍ത്തിയ ഉത്തമ കലാകാരനാണ് ആലപ്പി രംഗനാഥനെന്നാണ് പുരസ്‌കാരം സമര്‍പ്പിച്ച് മന്ത്രി പറഞ്ഞത്. തന്‍റെ ജീവിത്തിലെ മഹത്തായ നേട്ടമാണ് ഹരിവരാസനം പുരസ്‌കാരമെന്നും മനുഷ്യര്‍ ഒന്നാണെന്ന പ്രപഞ്ചസത്യം വിളിച്ചോതുന്ന അയ്യപ്പന്‍റെ തിരുനടയില്‍ പുരസ്‌കാരം സ്വീകരിക്കാനായത് പുണ്യമാണെന്നും മറുപടി പ്രസംഗത്തില്‍ ആലപ്പി രംഗനാഥ് പറഞ്ഞു. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ആലപ്പി രംഗനാഥും ശിഷ്യരും ചേർന്ന് ഭക്തി ഗാനമേളയും അവതരിപ്പിച്ചാണ് മടങ്ങിയത്.
നിരവധി അയ്യപ്പഭക്തി ഗാനങ്ങൾ രചിയ്ക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്‌ത ആലപ്പി രംഗനാഥ് 1973ൽ പുറത്തിറങ്ങിയ ജീസസ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. പപ്പൻ പ്രിയപ്പെട്ട പപ്പൻ, ആരാന്‍റെ മുല്ല കൊച്ചുമുല്ല, മാമലകൾക്കപ്പുറത്ത്, മടക്കയാത്ര, ക്യാപ്റ്റൻ, ഗുരുദേവൻ തുടങ്ങിയവയാണ് പ്രധാന സിനിമകൾ. പൂച്ചയ്ക്കൊരു മൂക്കുത്തി, വിസ, എനിക്കു മരണമില്ല തുടങ്ങിയ സിനിമകൾക്ക് പശ്ചാത്തലസംഗീതം ഒരുക്കി.
Read more: ആലപ്പി രംഗനാഥ് അന്തരിച്ചു