പത്തനംതിട്ട: റാന്നിയിലെ പ്രളയ ബാധിത മേഖലകളില്‍ നിയുക്ത എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍ സന്ദര്‍ശിച്ചു. പുള്ളോലി ഭാഗത്ത് വെള്ളം കയറിയ റോഡും കൃഷിയിടങ്ങളും എം.എല്‍.എയും സംഘവും സന്ദര്‍ശിച്ചു.
ALSO READ: മഴക്കെടുതി : പത്തനംതിട്ടയില്‍ 527.28 ലക്ഷത്തിന്‍റെ കൃഷിനാശം
പമ്പാ നദി കരകവിഞ്ഞൊഴുകി മൂടി പോയ കുരുമ്പന്‍മൂഴി കോസ് വേയും സംഘം സന്ദര്‍ശിച്ചു. പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഡാം ഷട്ടറുകള്‍ തുറന്നാണ് കോസ് വേ പഴയ പടിയാക്കിയത്. കോസ് വേയില്‍ അപകടകരമായി അടിഞ്ഞുകൂടിയ തടികള്‍ ഫോറസ്റ്റ് അധികൃതരെയും പഞ്ചായത്ത് അധികൃതരേയും ഇടപെടുത്തി ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തു.
പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ എസ്.സി യു.പി സ്‌കൂളിന് മുന്‍ വശത്ത് വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ വീണ് അപകടമുണ്ടായ സ്ഥലവും എം.എല്‍.എ സന്ദര്‍ശിച്ചു. റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കാന്‍ കരാറുകാരെ ചുമതലപ്പെടുത്തി. പഞ്ചായത്ത് മെമ്പര്‍ സിറിയക് തോമസ്, തഹസില്‍ദാര്‍ രമ്യ എസ് നമ്പൂതിരി, ജോജി ജോര്‍ജ്, ഗോപി പുന്നൂര്, മോനച്ചന്‍ കൈപ്ലാവ് എന്നിവരും ഒപ്പമുണ്ടായിരുന്നു.