പത്തനംതിട്ട: ടി.കെ റോഡിൽ മണിമലയാറിന് കുറുകെയുള്ള വള്ളംകുളം പാലത്തിൽ നിന്നും ചാടിയ മധ്യവയസ്കന്റെ മൃതദേഹം മുട്ടാറിൽ കണ്ടെത്തി. പുറമറ്റം മുണ്ടമല പുല്ലേലിൽ വീട്ടിൽ പിപി രാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും എട്ട് കിലോമീറ്ററോളം മാറി മണിമലയാറ്റിലെ തന്നെ മുട്ടാർ മിഷൻ ആശുപത്രിക്ക് സമീപമുള്ള കടവിനടുത്ത് നിന്നും രാവിലെ എട്ട് മണിയോടെ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തിരുവല്ലയിൽ നിന്നുള്ള അഗ്നിശമന സേനയുടെ നേതൃത്വത്തിൽ നടത്തി വന്ന തെരച്ചിലിനിടെയാണ് മൃതദേഹം മുട്ടാറിൽ പൊന്തിയത്.
ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ വ്യാഴാഴ്ച കോയിപ്രം പൊലീസിൽ പരാതി നൽകിയിരുന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെ പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘം പാലത്തിന് മധ്യത്തിൽ ഇയാൾ ഉപയോഗിച്ചിരുന്ന ബൈക്ക് കണ്ടെത്തിയിരുന്നു. ബൈക്കിന്റെ പെട്രോൾ ടാങ്കിലെ ബാഗിൽ നിന്നും ഇയാളുടെ മൊബൈൽ ഫോണും ലഭിച്ചിരുന്നു. മുൻ കെഎസ്ആർടിസി ജീവനക്കാരനാണ് മരിച്ച രാജു. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി ഫയർ സ്റ്റേഷൻ ഓഫീസർ പറഞ്ഞു.