പത്തനംതിട്ട: ആരാധനലായത്തിനുള്ളിൽ അതിക്രമിച്ചു കടന്ന യുവാവ് അറസ്റ്റിൽ. കൊല്ലം പത്തനാപുരം സ്വദേശി ഷമീറാണ് (33) കൂടൽ പോലീസിന്‍റെ പിടിയിലായത്. ശനിയാഴ്‌ച്ച രാത്രി 11.45ന് കലഞ്ഞൂർ ശ്രീമഹാദേവർ ക്ഷേത്രത്തിന്‍റെ കോമ്പൗണ്ടിനുള്ളിൽ കടന്ന ഇയാളെ സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്നയാൾ പറഞ്ഞുവിടാൻ ശ്രമിച്ചപ്പോൾ അസഭ്യം വിളിച്ചുകൊണ്ട്, ശാസ്‌ത നടയുടെ ഉള്ളിൽ കയറി ഇരിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ കീഴ്‌ശാന്തിയും ദേവസ്വം ട്രസ്റ്റ് അംഗവുമായ കലഞ്ഞൂർ പ്ലാസ്ഥാനത്തു മഠത്തിൽ ആർ വാസുദേവൻ പോറ്റിയുടെ മകൻ രാംകുമാർ കൂടൽ പൊലീസിനെ വിവരമറിയിച്ചു. ഇതിനിടെ നാട്ടുകാർ ഇയാളെ പിടികൂടിയിരുന്നു. തുടർന്ന് ഇയാളെ പൊലീസിന് കൈമാറി.
അടുത്തിടെ കഞ്ചാവ് കൈവശം വച്ചതിന് കൂടൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇയാൾ കഞ്ചാവിനടിമയാണെന്ന് പറയപ്പെടുന്നു. കീഴ്‌ശാന്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌ത് വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
കൂടൽ പൊലീസ് ഇൻസ്‌പെക്‌ടർ പുഷ്‌പകുമാറിന്‍റെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്. അന്വേഷണസംഘത്തിൽ എസ് ഐ ദിജേഷ്, എസ് സി പി ഒ വിൻസന്‍റ് സുനിൽ, സി പി ഓമാരായ ഫിറോസ്, അനൂപ് എന്നിവരുമുണ്ട്.