പത്തനംതിട്ട : പെൺകുട്ടിയെ കാണാതായതിന് പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ, ലൈംഗിക അതിക്രമം നടത്തിയ കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. വളയനാട് സ്വദേശി ഫാസിൽ ( 26) ആണ് പിടിയിലായത്. പ്ലസ് വൺ വിദ്യാർഥിനിയെ കാണാതായെന്ന പരാതിയിൽ കഴിഞ്ഞമാസം 28 ന് പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.
അന്വേഷണത്തിൽ പെൺകുട്ടി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതിയോട് ഒപ്പം പോയിട്ടുള്ളതായി അറിവായി. ഇരുവരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയതിനാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പീന്നീട് സൈബർ സെല്ലിന്‍റെ സഹായത്തോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
മകളെ കാണാതായതിന് മാതാവിന്‍റെ മൊഴി എസ്ഐ ആതിര പവിത്രൻ രേഖപ്പെടുത്തി കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പെൺകുട്ടി ചെന്നൈയിൽ യുവാവിനൊപ്പം ഉണ്ടെന്ന വിവരം ലഭിച്ചത്. ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഇടപെട്ടതിനെ തുടർന്ന്, അന്വേഷണസംഘം ചെന്നൈയിൽ എത്തി ഇരുവരെയും നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. മൊഴി രേഖപ്പെടുത്തിയപ്പോൾ, ചെന്നൈയിൽ ലോഡ്‌ജുകളിലും വീട്ടിലും വച്ച് പലതവണ യുവാവ് ലൈംഗികമായി തന്നെ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി.
വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പത്തനംതിട്ട ഡിവൈഎസ്‌പി എസ് നന്ദകുമാർ നേതൃത്വം നൽകിയ അന്വേഷണത്തിൽ, പൊലീസ് ഇൻസ്പെക്‌ടർ ജോബി ജോൺ, എസ്ഐമാരായ അനൂപ് ചന്ദ്രൻ, ജ്യോതി സുധാകർ, സിപി ഒമാരായ ഷെഫീഖ്, സുനി, എന്നിവരടങ്ങിയ സംഘമാണ് പെൺകുട്ടിയെയും പ്രതിയെയും ചെന്നൈയിൽ നിന്നും കണ്ടെത്തിയത്. എഎസ്ഐ രാജീവ്, എസ്‌സിപിഒ മണിലാൽ എന്നിവരും അന്വേഷണത്തിന്‍റെ ഭാഗമായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി ഞായറാഴ്‌ച റിമാൻഡ് ചെയ്‌തു.