പത്തനംതിട്ട: മകളെ ഉപദ്രവിച്ചത് വിലക്കിയ പിതാവിനെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച മരുമകനെ പൊലീസ് അറസ്റ്റ് ചെയ്‌തു. എറണാകുളം കുന്നത്തൂർ സ്വദേശിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജിഷ്‌ണു തമ്പിയെയാണ്(25) റാന്നി പൊലീസ് പിടികൂടിയത്. തന്നെ പിടികൂടാൻ പൊലീസിനെ വെല്ലുവിളിച്ചു മുങ്ങിയ പ്രതിയെ തന്ത്രപരമായാണ് പൊലീസ് കുടുക്കിയത്.
ഓഗസ്റ്റ് 30നാണ് ജിഷ്‌ണുവിന്‍റെ ഭാര്യാപിതാവ് അശോകനെ പ്രതി മർദിക്കുന്നത്. വൈകിട്ട് നാലരയോടെ റാന്നി ഗവൺമെന്‍റ് ആശുപത്രിയിലെ ഡോക്‌ടർമാരുടെ കൺസൽറ്റിങ് മുറിയ്ക്കടുത്ത് വച്ചായിരുന്നു സംഭവം. മകളുടെ കുഞ്ഞിന് സുഖമില്ലാതിരുന്നതിനാൽ ഡോക്‌ടറെ കാണിക്കാൻ മകൾക്കൊപ്പം എത്തിയതായിരുന്നു അശോകൻ. ഡോക്‌ടറുടെ മുറിക്ക് പുറത്ത് നിന്ന അശോകനെ ജിഷ്‌ണു അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു.
നേരത്തെ ഇയാൾ മകളെ ഉപദ്രവിച്ചപ്പോൾ തടഞ്ഞതിന്‍റെ വിരോധത്തിലായിരുന്നു മർദനം. കയ്യിലിരുന്ന ഹെൽമറ്റ് കൊണ്ട് പുറത്തും നടുവിലും അടിക്കുകയും, ഇരുകൈകൾ കൊണ്ടും അടിതടഞ്ഞ അശോകന്‍റെ നടുവിരലുകളിലെ അസ്ഥികൾക്ക് പൊട്ടൽ ഏൽപ്പിക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസം അശോകന്‍റെ മൊഴി രേഖപ്പെടുത്തി കേസ് എടുത്ത പൊലീസ് പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചിരുന്നു.
സംഭവശേഷം ഒളിവിൽ പോയ പ്രതി ഫോണിൽ വിളിച്ച പൊലീസിനോട് കഴിവുണ്ടെങ്കിൽ പിടിച്ചോളാൻ വെല്ലുവിളിച്ചിരുന്നു. ഫോൺ ലൊക്കേഷൻ പൊലീസ് കണ്ടുപിടിക്കാതിരിക്കാൻ പിന്നീട് സുഹൃത്തിന്‍റെ മൊബൈൽ കടയിൽ ഫോൺ ഏൽപിക്കുകയും, ആരെങ്കിലും വിളിച്ചാൽ എടുത്തിട്ട് താനല്ല എന്ന് പറയാൻ ഏർപ്പാട് ചെയ്യുകയും ചെയ്‌തു.
പ്രതി തൊടുപുഴക്ക് സമീപം കൊതകുത്തിയിൽ ഉണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ അവിടെയെത്തിയ പൊലീസ് സംഘം ഇയാളെ സാഹസികമായി കീഴടക്കുകയായിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നിർദേശാനുസരണം ഉച്ചയ്ക്ക് ശേഷം തിരിച്ച പൊലീസ് സംഘം രാത്രി രണ്ടുമണിയ്ക്ക് കൊതകുത്തിയിൽ നിന്നും ജിഷ്‌ണുവിനെ തന്ത്രപരമായി പിടികൂടി. ഹെൽമറ്റ് ഒന്നാം പാറ എന്ന സ്ഥലത്തുള്ള സുഹൃത്തിന്‍റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു.
ഭാര്യയുമായുള്ള കുടുംബപ്രശ്‌നം പത്തനംതിട്ട കുടുംബ കോടതിയിൽ എത്തുകയും, അത് തീർക്കാൻ ഭാര്യാപിതാവ് തടസം നിൽക്കുകയും ചെയ്യുന്നതായി ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി. റാന്നി പൊലീസ് ഇൻസ്‌പെക്‌ടർ എം.ആർ സുരേഷിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.