പത്തനംതിട്ട: ഉപതെരഞ്ഞെടുപ്പിനൊരുങ്ങി കോന്നി. മൂന്ന് മുന്നണിയുടെയും സ്ഥാനാര്‍ഥികള്‍ നാമനിർദേശപത്രിക സമർപ്പിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി കെ.യു ജനീഷ് കുമാറും യു.ഡി.എഫ് സ്ഥാനാർഥി പി.മോഹൻരാജും ബി.ജെ.പി സ്ഥാനാർഥി കെ.സുരേന്ദ്രനും ബ്ലോക്ക് പഞ്ചായത്ത് ഉപഭരണാധികാരിയായ കോന്നി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ സി.പി രാജേഷ് കുമാറിന് മുമ്പാകെ പത്രിക നൽകി.
ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, കെ.എൻ ബാലഗോപാൽ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം എത്തിയാണ് ജനീഷ് കുമാര്‍ പത്രിക സമര്‍പ്പിച്ചത്. ആദ്യം യു.ഡി.എഫ് സ്ഥാനാർഥിയായി പരിഗണിച്ചിരുന്ന അടൂർ പ്രകാശിന്‍റെ നോമിനിയായ ഡി.സി.സി വൈസ് പ്രസിഡന്‍റ് റോബിൻ പീറ്റര്‍ പി. മോഹന്‍രാജിനൊപ്പം എത്തി. കെ.സുരേന്ദ്രനൊപ്പം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള, ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ എന്നിവരുണ്ടായിരുന്നു. മൂന്ന് സെറ്റ് പത്രിക വീതം എൽ.ഡി.എഫും യു.ഡി.എഫും നൽകിയപ്പോൾ ബി.ജെ.പി നാല് സെറ്റ് പത്രികകൾ നൽകി. പത്രികാ സമർപ്പണത്തിന് ശേഷം ബി.ജെ.പി സ്ഥാനാർഥി കെ സുരേന്ദ്രന്റെ റോഡ് ഷോയും നടന്നു.