പത്തനംതിട്ട : അച്ഛനും മകനും കമ്പിവടികൊണ്ട് തലയ്ക്ക് അടിയേറ്റ സംഭവത്തിൽ പ്രതിയെ പെരുനാട് പൊലീസ് അറസ്‌റ്റ് ചെയ്‌തു. പെരുനാട് അത്തിക്കയം പൊന്നംപാറയിൽ കിഴക്കേചരുവിൽ വീട്ടിൽ സുകുമാരനെയും മകൻ സുനിൽ കുമാറിനെയും തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കക്കൊടുമൺ പൊന്നംപാറ വാവോലിൽ വീട്ടിൽ പ്രസാദ് (47) നെയാണ് വെള്ളിയാഴ്‌ച രാത്രി 9.30 ന് പഞ്ചാരമുക്കിൽ നിന്നും പെരുനാട് പൊലീസ് പിടികൂടിയത്.
ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോഴിയുടെ അവശിഷ്‌ടം പൂച്ച വീട്ടിൽ കൊണ്ടിട്ടതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു അക്രമം. വ്യാഴാഴ്‌ച രാത്രി ഏട്ടരയോടെ ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് മുറ്റത്തു നിന്ന ഇരുവരെയും പ്രതി തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത് (Hitting head with a iron rod accused arrested in pathanamthitta).
അയൽവാസിയായ സ്ത്രീ സ്‌റ്റേഷനിലെത്തി വിവരം പറഞ്ഞതിനെ തുടർന്ന് അവരുടെ മൊഴി പ്രകാരം പെരുനാട് പൊലീസ് ഇൻസ്‌പെക്‌ടർ യു. രാജിവ് കുമാർ രജിസ്‌റ്റർ ചെയ്‌ത വധശ്രമ കേസിലാണ് അറസ്‌റ്റ്. സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണ സംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. തുടർന്ന് നടന്ന ഊർജ്ജിതമായ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം പ്രതിയെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തിന് ദൃക്‌സാക്ഷിയായ സ്ത്രീ തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇന്നലെ രാവിലെ 10 മണിക്ക് പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്‌തതിൽ, ആക്രമണത്തിന് ഉപയോഗിച്ച കമ്പിവടി ഇയാളുടെ വീടിന് സമീപമുള്ള കിണറ്റിൽ ഇട്ടിട്ടുണ്ടെന്ന് സമ്മതിച്ചു.
ശാസ്ത്രീയ അന്വേഷണ സംഘത്തിന്‍റെയും മറ്റും സാന്നിധ്യത്തിൽ പൊലീസ് കിണറ്റിൽ നിന്നും കമ്പിവടി കണ്ടെടുത്തു. റാന്നി പൊലീസ് രജിസ്‌റ്റർ ചെയ്‌ത കഠിന ദേഹോപദ്രവ കേസ് ഉൾപ്പെടെ പല ക്രിമിനൽ കേസുകളിൽ പ്രതിയാണ് പ്രസാദ്.
പെരുനാട് പൊലീസ് ഇൻസ്‌പെക്‌ടർ രാജിവ് കുമാർ ശബരിമല സ്പെഷ്യൽ ഡ്യൂട്ടിക്ക് പോയതിനാൽ, കേസ് തുടർന്ന് അന്വേഷിച്ച വെച്ചൂച്ചിറ പൊലീസ് ഇൻസ്‌പെക്‌ടർ ബി രാജഗോപാലിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ കസ്‌റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
ALSO READ: മണിയാറൻകുടിയിൽ അമ്മയെ കൊന്ന് മകൻ, ആനച്ചാലിൽ മകനെ തലയ്‌ക്ക് വെട്ടി പരിക്കേൽപ്പിച്ച് അച്ഛൻ
മകന്‍റെ മർദനമേറ്റ് അമ്മ മരിച്ചു: ഇടുക്കി ജില്ലയിലെ മണിയാറൻകുടിയിൽ മകന്‍റെ മർദനമേറ്റ് മാതാവ് കൊല്ലപ്പെട്ടു. മകന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കിടപ്പുരോഗിയായ മണിയാറൻകുടി സ്വദേശി പറമ്പപ്പുള്ളിൽ തങ്കമ്മയാണ്. സംഭവത്തിൽ മകൻ സജീവിനെ ഇടുക്കി പൊലീസ് ഓഗസ്‌റ്റ് 10 ന് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ജൂലൈ 30നാണ് തങ്കമ്മയ്‌ക്ക് മർദനമേറ്റത്. കിടപ്പു രോഗിയായ തങ്കമ്മ ഭക്ഷണം കൊടുത്തിട്ട് കഴിക്കാത്തതിനെ തുടർന്ന് മകൻ സജീവ് ഗ്ലാസ് കൊണ്ട് മുഖത്ത് ഇടിക്കുകയും തല പിടിച്ച് കട്ടിലിൽ ഇടിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് തങ്കമ്മയെ മകൻ തന്നെ ഇടുക്കി മെഡിക്കൽ കോളജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ച് ചികിൽസ നൽകി.
കോട്ടയത്ത് നിന്നും ഇടുക്കി മെഡിക്കൽ കോളജിൽ തിരികെ എത്തിച്ച് ചികിൽസ തുടരുന്നതിനിടെയാണ് തങ്കമ്മ കൊല്ലപ്പെട്ടത്. പൊലീസിന് മെഡിക്കൽ റിപ്പോർട്ട് കൈമാറിയതോടെയാണ് സജീവിലേക്ക് അന്വേഷണം എത്തിയത്. തുടർന്ന് ഇടുക്കി പൊലീസ് സജീവനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.