പത്തനംതിട്ട: പ്രളയത്തിന് ശേഷം പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതോടെ നദീതീരവാസികൾ ആശങ്കയില്‍. രണ്ട് ദിവസമായി മഴ ശക്തമായതോടെയാണ് പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നത്. പമ്പയിൽ ആറ് മീറ്റർ വെള്ളം ഉയർന്നാൽ പ്രളയ മുന്നറിയിപ്പ് നൽകണമെന്നതാണ് പുതിയ ചട്ടം. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ സംഭരണികളിലെ ജലനിരപ്പും കൂടിയിട്ടുണ്ട്. എല്ലാ ദിവസവും കേന്ദ്ര ജലകമ്മീഷൻ ജലനിരപ്പിന്‍റെ കണക്ക് എടുക്കുന്നുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനൊപ്പം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത് പ്രദേശവാസികളുടെ ആശങ്ക വര്‍ധിപ്പിച്ചു.
സമീപകാലത്തെ തന്നെ ഏറ്റവും ഉയർന്ന മഴയാണ് ശബരിമലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 17 സെന്‍റിമീറ്റർ മഴയാണ് വനംവകുപ്പിന്‍റെ മഴമാപിനിയിൽ രേഖപ്പെടുത്തിയത്. മൂഴിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഏതുസമയവും തുറക്കാമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. കുറ്റപ്പുഴയിലെ ഞാവനാൽക്കുഴി കോളനിയിലും മംഗലശേരി കോളനിയിലും നിലവിൽ രണ്ട് ക്യാമ്പ് തുറന്നിട്ടുണ്ട്.