പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രി നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര കൃത്യവിലോപം. ഇന്ന് (06.08.2022) രാവിലെ 11 ഓടെയാണ് ആരോഗ്യമന്ത്രി തിരുവല്ല താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചത്. ആരോഗ്യമന്ത്രി ആശുപത്രിയില്‍ എത്തിയപ്പോള്‍ രണ്ട് ഒ.പികള്‍ മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
മന്ത്രിയെത്തുമ്പോള്‍ സ്ഥലത്തില്ലാത്ത ഡോക്ടര്‍മാര്‍ക്കായി രോഗികള്‍ കാത്തിരിക്കുകയായിരുന്നു. രജിസ്‌റ്ററില്‍ ഒപ്പിട്ട ഡോക്ടര്‍മാരും ഹാജരായിരുന്നില്ല. ഡോക്ടര്‍മാര്‍ എവിടെ പോയി എന്ന മന്ത്രിയുടെ ചോദ്യത്തിന് സൂപ്രണ്ട് ഡോ. അജയമോഹന് മറുപടി നല്‍കാന്‍ കഴിഞ്ഞതുമില്ല. ഇതില്‍ ക്ഷുഭിതയായ മന്ത്രി സൂപ്രണ്ടിനെ ഉടൻ സ്ഥലം മാറ്റി ഉത്തരവിറക്കി.
അതോടൊപ്പം ഡോക്‌ടർമാർ എഴുതുന്ന മരുന്നുകള്‍ ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നില്ലെന്നും, പുറത്തേക്ക് എഴുതി നല്‍കുകയാണെന്നും രോഗികൾ മന്ത്രിയെ അറിയിച്ചു.