പത്തനംതിട്ട: തിരുവല്ലയിലെ തടിമില്ലിൽ വൻ തീപിടിത്തം. വള്ളംകുളം പാലത്തിന് സമീപം പ്രവർത്തിക്കുന്ന എബോണി വുഡ്‌സിലാണ് തീപിടിത്തമുണ്ടായത്. ഏഴ് ഫയർ എഞ്ചിനുകൾ ഉപയോഗിച്ച് അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് മൂന്ന് മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിൽ കെട്ടിടത്തിന്‍റെ മേൽക്കൂര കത്തി താഴേയ്ക്ക് വീണു.
സ്ഥാപനത്തിന്‍റെ മുൻവശത്ത് പാർക്ക് ചെയ്‌തിരുന്ന ടൂവീലറും മിനിലോറിയും കത്തി. സ്ഥാപനത്തോട് ചേർന്ന മുറിയിൽ താമസിച്ചിരുന്ന മൂന്ന് ജീവനക്കാർ രക്ഷപ്പെട്ടു. ഏകദേശം ഒരു കോടിയോളം രൂപയുടെ നഷ്‌ടം സംഭവിച്ചതായി സ്ഥാപന ഉടമ സാമുവൽ ചാക്കോ പറഞ്ഞു.
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നും ഇത് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തുമെന്നും അഗ്നിശമന സേന ഉദ്യോസ്ഥർ പറഞ്ഞു. അഗ്നി സുരക്ഷാ സർട്ടിഫിക്കറ്റ് അടക്കമുളള രേഖകൾ ഹാജരാക്കാൻ സ്ഥാപന ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫയർഫോഴ്‌സ് തിരുവല്ല സ്റ്റേഷൻ ഓഫീസർ പി.ബി വേണുക്കുട്ടൻ പറഞ്ഞു.