പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ട നരബലി കേസിൽ വീണ്ടും അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. കേസില്‍ മുഖ്യപ്രതി ഷാഫിയുടെ സുഹൃത്തും അറസ്റ്റിലായേക്കും. ഷാഫി കോലഞ്ചരി ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ജയിലിലായ സമയത്ത് ഇയാളാണ് ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും ഭഗവല്‍ സിങ്ങുമായി സംസാരിച്ചത്.
ഭഗവല്‍ സിങ്ങിന് സന്ദേശം അയച്ചതും ഇയാളാണ്. ഇയാളുടെ സഹായത്തോടെയാണ് ഷാഫി, ഭഗവല്‍ സിങ്ങിനെയും ലൈലയെയും വലയിൽ വീഴ്ത്തിയത്. ശ്രീദേവി എന്ന വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിന് പിന്നിൽ മാറ്റാരെങ്കിലുമാകാം എന്ന സംശയം ആദ്യം മുതൽ തന്നെ മാധ്യമങ്ങൾ ഉൾപ്പെടെ ഉയർത്തിയിരുന്നു.
ഷാഫിയുമായി ദീര്‍ഘകാലത്തെ ബന്ധമുള്ളയാളാണ് സഹായി. ഭഗവല്‍ സിങ്ങിനെ കൂടാതെ ലൈലയുമായും ഇയാള്‍ സംസാരിച്ചു. ഇതിനു തെളിവായി മാറിയ ചില ശബ്‌ദ സന്ദേശങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതോടെ നരബലി കേസില്‍ നാലാമതൊരു പ്രതി കൂടി ഉണ്ടാകുകയാണ്.
കൃത്യത്തില്‍ നേരിട്ട് പങ്കാളിയായിട്ടില്ലെങ്കിലും കര്‍മ പദ്ധതി തയാറാക്കുന്നതില്‍ ഇയാളുടെയും സ്വാധീനമുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഷാഫി അവതരിപ്പിച്ച സിദ്ധനെ ഭഗവൽ സിങ്ങും ലൈലയും ദൈവിക ശക്തിയുള്ള ആളായാണ് വിശ്വസിച്ചത്. സിദ്ധന്‍റെ പ്രതിനിധിയെന്നു പറഞ്ഞായിരുന്നു റഷീദ് എന്ന പേരില്‍ ഷാഫി തങ്ങളെ സമീപിച്ചതെന്ന് ലൈല മൊഴി നല്‍കിയിട്ടുണ്ട്.
റഷീദിനെ പിണക്കരുതെന്നും അയാളുടെ ആവശ്യങ്ങള്‍ നടത്തി കൊടുക്കണമെന്നും ശ്രീദേവി ഉപദേശിച്ചതനുസരിച്ചാണ് ഷാഫിയുടെ ആവശ്യപ്രകാരം താല്‍പര്യമില്ലാതിരുന്നിട്ടും അയാളുമായി പലവട്ടം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നുമാണ് ലൈലയുടെ മൊഴി.