പത്തനംതിട്ട: ശബരിമലയിലെ സ്വർണം, വെള്ളി എന്നിവ സ്ട്രോങ് റൂമിലേക്ക് മാറ്റിയതില്‍ ക്രമക്കേട് എന്ന രീതിയില്‍ വന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ. ആറ് വർഷം മുൻപുണ്ടായിരുന്ന അവ്യക്തതയില്‍ കൃത്യത വരുത്താൻ മാത്രമാണ് നിലവിലെ ഭരണ സമിതി നടപടി സ്വീകരിച്ചതെന്ന് പത്മകുമാർ ഇടിവി ഭാരതിനോട് പറഞ്ഞു. ആറ് വർഷം മുൻപ് റിട്ടയർ ചെയ്ത ഗ്രേഡ് വൺ അക്കൗണ്ടന്‍റ് മോഹനന്‍റെ സർവീസ് കാലയളവിലെ സ്വർണം സൂക്ഷിപ്പില്‍ അവ്യക്തതയുണ്ടായിരുന്നു. ഇത് ക്രമീകരിക്കാൻ നിലവിലെ ഭരണ സമിതി നടപടി സ്വീകരിച്ചു. മോഹനന്‍റെ പെൻഷൻ തടഞ്ഞുവെച്ചതിന് എതിരെ നല്‍കിയ ഹർജിയിലാണ് ഓഡിറ്റ് നടത്താൻ ഹൈക്കോടതി നടപടി സ്വീകരിച്ചതെന്നും പത്മകുമാർ വ്യക്തമാക്കി.
ലോക്കല്‍ ഫണ്ട് ഓഡിറ്റ് നടത്തി. ദേവസ്വം ബോർഡിന്‍റെ പരിശോധന കഴിഞ്ഞു. ഹൈക്കോടതി നിയോഗിച്ച സമിതി പരിശോധിച്ച ശേഷം ക്രമക്കേട് ഉണ്ടെങ്കില്‍ ദേവസ്വം ബോർഡ് കർശന നടപടി സ്വീകരിക്കും. നാളെ റിപ്പോർട്ട് കിട്ടിയാല്‍ ഉടൻ നടപടി സ്വീകരിക്കുമെന്നും പത്മകുമാർ ഇടിവി ഭാരതിനോട് പറഞ്ഞു.