പത്തനംതിട്ട/കോട്ടയം : ശബരിമലയിലെ മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ (Erumely Petta Thullal) ഇന്ന് നടക്കും. അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളാണ് എരുമേലിയില്‍ പേട്ട തുള്ളുക. ഉച്ചയോടെ അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ടതുള്ളലാണ് ആദ്യം നടക്കുക.
അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമിയുടെ സാന്നിധ്യമായി ശ്രീകൃഷ്‌ണപരുന്ത് ക്ഷേത്രത്തിന് മുകളിലൂടെ വട്ടമിട്ടു പറക്കുന്നതോടുകൂടിയാണ് പേട്ടതുള്ളല്‍ ആരംഭിക്കുക. വാദ്യമേളങ്ങള്‍ക്കൊപ്പം പേട്ടതുള്ളിയെത്തുന്ന സംഘത്തെ വാവര് പള്ളിയില്‍ വരവേൽക്കും. മതമൈത്രിയുടെ സന്ദേശം വിളിച്ചോതി തുടര്‍ന്ന് ജമാഅത്ത് ഭാരവാഹികള്‍ ചേര്‍ന്ന് അമ്പലപ്പുഴ സംഘത്തിന് സ്വീകരണം നല്‍കും.
പിന്നാലെയാണ് ആലങ്ങാട്ട് സംഘം പേട്ടതുള്ളുന്നത്. ആകാശത്ത് പൊന്‍നക്ഷത്രം തിളങ്ങുന്നതോടെയാണ് ആലങ്ങാട് സംഘത്തിന്‍റെ പേട്ട തുള്ളല്‍ കൊച്ചമ്പലത്തില്‍ നിന്നും പുറപ്പെടുന്നത്. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവരും പോയിയെന്ന വിശ്വാസം കണക്കിലെടുത്ത് ആലങ്ങാട് സംഘം പള്ളിയില്‍ കയറാതെയാണ് പോകുന്നത്.
വാദ്യമേളം, കാവടിയാട്ടം, പൂക്കാവടി എന്നിവ പേട്ടതുള്ളലിന് മാറ്റുകൂട്ടും. പേട്ടതുള്ളല്‍ പ്രമാണിച്ച് കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് (Erumely Petta Thullal Holiday).