പത്തനംതിട്ട : സംസ്ഥാന പൊലീസ് മേധാവിയുടെ കഴിഞ്ഞ വര്‍ഷത്തെ ബാഡ്‌ജ് ഓഫ് ഓണര്‍ ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനി ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്. ക്രമസമാധാന രംഗത്തെ മികവാര്‍ന്ന പ്രകടനത്തിനും, മൊത്തത്തിലെ പ്രവര്‍ത്തന മികവിനുമാണ് ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനിക്ക് ബഹുമതി.
ക്രമസമാധാന രംഗത്ത് കാഴ്‌ചവച്ച മികച്ച സര്‍വീസ് റെക്കോഡ് ജില്ല പൊലീസ് മേധാവിയെ ഉന്നത ബഹുമതിക്ക് അര്‍ഹയാക്കിയപ്പോള്‍, കരുവാറ്റ സര്‍വീസ് സഹകരണ ബാങ്കിലെ മോഷണ കേസിന്‍റെ മികവാര്‍ന്ന അന്വേഷണം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ അഡീഷണല്‍ എസ്‌പി സ്ഥാനത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ എന്നിവ എന്‍. രാജനെ ഇരട്ട ബഹുമതിക്ക് അര്‍ഹനാക്കി.
Also Read: അനില്‍കാന്ത് സ്ഥാനമേറ്റു; സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവി
ഇത് ജില്ല പൊലീസിന് എടുത്തുപറയത്തക്ക നേട്ടമായി മാറുകയാണ്. ജില്ല പൊലീസ് മേധാവിയ്ക്കും, അഡീഷണല്‍ എസ്‌പിക്കും ഡിജിപിയുടെ ഉന്നത ബഹുമതി ഒരേസമയം ലഭിച്ചെന്ന അപൂര്‍വ നേട്ടത്തില്‍ അഭിമാനിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ പൊലീസ് സമൂഹം.
കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത കേസില്‍ പ്രതിയെ കണ്ടെത്തുന്നതില്‍ കാട്ടിയ അന്വേഷണ മികവിന് അന്നത്തെ ഇന്‍സ്‌പെക്ടറും നിലവിൽ ഇലവുംതിട്ട എസ്എച്ച്ഒയുമായ എം. രാജേഷിനും ബാഡ്‌ജ് ഓഫ് ഓണര്‍ ലഭിച്ചു.
സാഹസികമായും തന്ത്രപരമായും നടത്തിയ നീക്കങ്ങളിലൂടെ കേസിലെ പ്രതിയെ കുടുക്കാന്‍ സാധിച്ചതാണ് രാജേഷിനെ ബഹുമതിക്ക് അര്‍ഹനാക്കിയത്.