പത്തനംതിട്ട : ശബരിമല ദര്‍ശനം സുഗമമാക്കാന്‍ സജീവമായി ഇടപെട്ട ജനപ്രതിനിധികള്‍, സര്‍ക്കാര്‍ സംവിധാനങ്ങളിലെ ഉദ്യോഗസ്ഥര്‍, ശബരിമല ജീവനക്കാര്‍, ഭക്തര്‍ എന്നിവരെ അഭിനന്ദിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍. കോന്നി എംഎല്‍എ കെയു ജനീഷ് കുമാര്‍, റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍ എന്നിവര്‍ ശ്രദ്ധേയമായ ഇടപെടലാണ് നടത്തിയത്. സന്നിധാനം എക്‌സിക്യുട്ടീവ് ഓഫിസര്‍ കൃഷ്‌ണകുമാറിന്‍റെ നേതൃത്വത്തില്‍ മികച്ച രീതിയിലാണ് ദര്‍ശന പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ ചില കുറവുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. അത് പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍ പറഞ്ഞു. തെലങ്കാന എംഎല്‍എ ശങ്കര്‍ നായിക്കും ഇന്ന് ശബരിമല സന്ദര്‍ശിച്ചു. 'തെലങ്കാനയിലേയും ആന്ധ്രയിലേയും ധാരാളം ആളുകളാണ് ശബരിമല സന്ദര്‍ശിക്കുന്നത്. തെലങ്കാനയ്‌ക്കും മുഖ്യമന്ത്രി കെസിആറിനും അഭിവൃദ്ധിയും ഐശ്വര്യവുമുണ്ടാകാന്‍ അയ്യപ്പന്‍റെ അനുഗ്രഹത്തിനായാണ് താന്‍ ഇവിടെ വന്നത്' - ബിആര്‍എസ് എംഎല്‍എയായ അദ്ദേഹം പറഞ്ഞു. വാഹന പാര്‍ക്കിങ്ങിലെ ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച അദ്ദേഹം വരും നാളുകളില്‍ സര്‍ക്കാര്‍ അത് പരിഹരിക്കുമെന്ന ശുഭപ്രതീക്ഷ പങ്കുവച്ചു.