പത്തനംതിട്ട: വാഹന പരിശോധനയ്ക്കിടെ മദ്യപിച്ചുവെന്ന് സംശയം തോന്നി അടൂർ പോലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ ഇന്ന് സ്‌റ്റേഷന് മുന്നില്‍ കുഴഞ്ഞു വീണു മരിച്ചു. അടൂർ കണ്ണങ്കോട് ചരിഞ്ഞ വിളയില്‍ ഷെരീഫ്(60) ആണ് മരിച്ചത്(Adoor Custodial Death). ഇന്ന് ഉച്ചയോടെയാണ് സംഭവം.
അടൂർ പി ഡബ്ലിയു ഡി റസ്റ്റ് ഹൗസിന് സമീപം അടൂർ പൊലീസ് എസ് ഐ യുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടക്കുമ്പോള്‍ അതു വഴി സ്‌കൂട്ടറില്‍ വന്ന ഷെരീഫിനെ പരിശോധനയ്ക്കായി വാഹനം കൈകാണിച്ച് നിര്‍ത്തി. മദ്യപിച്ചുവെന്ന് സംശയം തോന്നിയതിനെ തുടർന്ന് പോലീസ് ജീപ്പില്‍ സ്‌റ്റേഷനില്‍ കൂട്ടിക്കൊണ്ടു വന്നു . സ്‌റ്റേഷനിലേക്ക് കയറുന്നതിനിടെ ഷെരീഫ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് പൊലീസ് ഭാഷ്യം. അതേ സമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടും വരെ പൊലീസ് പറയുന്നത് വിശ്വസിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. ഷെരീഫിനെ കസ്റ്റഡിയിലെടുത്ത വിവരം ബന്ധുക്കളെ അറിയിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്.